ബാലരാമപുരം കൊലപാതകം: ശ്രീതുവിനെതിരെ കേസെടുക്കും, ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി

news image
Feb 2, 2025, 4:44 am GMT+0000 payyolionline.in

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. രണ്ടു വയസുകാരിയുടെ കൊലപാതകത്തിന് പിന്നാലെ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ്  പരാതി ഉയര്‍ന്നതോടെയാണ് ഇതിൽ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്.

ശ്രീതുവിനെതിരെ മൂന്ന് പരാതികള്‍ നിലവിൽ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ അറിയിച്ചു. ദേവസ്വം ബോര്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതി. ശ്രീതു കരാര്‍ അടിസ്ഥാനത്തിൽ പോലും ദേവസ്വം ബോര്‍ഡിൽ ജോലി ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ശ്രീതുവിനെതിരെ ഉടൻ തന്നെ ബാലരാമപുരം പൊലീസ് കേസെടുക്കും.

അതേസമയം, ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ നാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. കേസിൽ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴക്കിയിരുന്നു.

കുഞ്ഞിന്‍റെ കൊലപാതകത്തിലെ ദുരൂഹത നീക്കുന്നതിനായാണ് കൂടുതൽ ചോദ്യം ചെയ്യൽ. അതേസമയം, ജോത്സ്യൻ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ദുരൂഹത തുടരുകയാണ്. ജോത്സ്യൻ നിര്‍ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. പണം കൈമാറേണ്ട ആളുടെ വിവരങ്ങള്‍ മൊബൈൽ ഫോണിലേക്ക് അയച്ചു നല്കിയെന്നും ശ്രീതു പറയുന്നു. എന്നാൽ, ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe