ദുബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടതോടെ ഗൾഫ് കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നു. രൂപയുടെ തകര്‍ച്ച വിവിധ രാജ്യങ്ങളിലെ ഗൾഫ് കറന്‍സികളുമായുള്ള വിനിമയ നിരക്കിൽ പ്രതിഫലിച്ചതോടെ ഈ അവസരം പ്രവാസികൾക്ക് നേട്ടമാക്കാം.
ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.72 രൂപയാണ്. ഒരു ഖത്തർ റിയാലിന് 23.58 രൂപ, ബഹ്റൈനി റിയാലിന് 231.16 രൂപ, ഒമാനി റിയാലിന് 226.18 രൂപ, കുവൈത്തി ദിനാറിന് 282.05 രൂപയുമാണ് നിരക്ക്. 23.22 രൂപയാണ് ഒരു സൗദി റിയാലിന്റെ മൂല്യം. വിനിമയ നിരക്ക് ഉയര്‍ന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഗുണകരമാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾക്കാണ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ന് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു.