കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തികളല്ലാത്ത വലിയ വിഭാഗം ആളുകളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. എന്നാൽ, സർക്കാർ ഏജൻസികളിലെ റീപ്ലേസ്മെൻ്റ് പോളിസിയിൽ കുവൈത്തി സ്ത്രീകളുടെ മക്കളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബ്യൂറോ വ്യക്തമാക്കി. കൂടാതെ മാർച്ച് 31ന് ശേഷം, നോൺ റെയർ സർക്കാർ ജോലിയുള്ള ഒരു പ്രവാസിയുടെയും കരാർ പുതുക്കില്ല. ചില സർക്കാർ ഏജൻസികളിൽ കുവൈത്തികളല്ലാത്തവരുടെ പുതുക്കൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ പരാമർശിച്ച് സിവിൽ സർവീസ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
2017ലെ 11-ാം നമ്പർ സിവിൽ സർവീസ് കൗൺസിൽ പ്രമേയം അനുസരിച്ച് എല്ലാ സർക്കാർ ഏജൻസികളിലും മാറ്റിസ്ഥാപിക്കൽ നയം നടപ്പിലാക്കുന്നത് തുടരുകയാണെന്ന് ബ്യൂറോ സ്ഥിരീകരിച്ചു. ഓരോ തൊഴിൽ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള ശതമാനം അനുസരിച്ച് എല്ലാ സർക്കാർ ഏജൻസികളിലും റീപ്ലേസ്മെൻ്റ് പോളിസി നടപ്പിലാക്കുന്നത് തുടരുകയും കേന്ദ്ര തൊഴിൽ പദ്ധതിക്ക് അനുസൃതമായി കുവൈത്തികളായ ജീവനക്കാരെ നിയമക്കുകയുമാണ് ചെയ്യുന്നത്.