വിറ്റത് ലക്ഷക്കണക്കിന് ടിക്കറ്റുകള്‍; ബംപര്‍ ഭാഗ്യശാലിയെ ഇന്നറിയാം …

news image
Feb 5, 2025, 4:07 am GMT+0000 payyolionline.in

ലക്ഷക്കണക്കിന് വിറ്റുപോയ ലോട്ടറി ടിക്കറ്റുകളില്‍ നിന്ന് ആ ഭാഗ്യശാലിയെ തിരഞ്ഞെടുക്കുന്ന ദിവസമാണിന്ന്. ക്രിസ്മസ്–പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ നടക്കും. പ്രിന്‍റ് ചെയ്ത 50 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഇന്ന് രണ്ടു മണി വരെയും ടിക്കറ്റെടുക്കാന്‍ അവസരവുമുണ്ട്.

22 ഭാഗ്യശാലികളെ കോടിപതികളാക്കുന്ന ടിക്കറ്റാണ് ഇത്തവണത്തെ ക്രിസ്മസ്-പുതുവത്സര ബംപര്‍ (BR -101). XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്-പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപ ടിക്കറ്റില്‍ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഇതിന് പുറമെ 21 കോടിപതിമാര്‍ വേറെയും ഉണ്ടാകും എന്നതാണ് ബംപറിന്‍റെ പ്രത്യേകത.

ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്‍റെ ലോട്ടറി വിറ്റ ഏജന്‍റും ചേർന്നതാണ് 22 പേർ കോടിപതികള്‍. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ്. ഇങ്ങനെ 20 കോടിപതികള്‍ സമ്മാനര്‍ഹരായി ഉണ്ടാകും. ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്‍റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടിയാണ് ലഭിക്കുക. ഇതടക്കം 22 പേര്‍ ക്രിസ്തുമസ് ബംപറില്‍ കോടിപതികളാകും.

മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അ‍ഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വാങ്ങിക്കൂട്ടിയതില്‍ പാലക്കാടാണ് മുന്നില്‍. 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റുപോയിരിക്കുന്നത്.

ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഭാഗ്യശാലിയെ നറുക്കെടുക്കുന്നത്. ബംപര്‍ അടിച്ചവരും ആദ്യം തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കുമ്പോൾ ടിക്കറ്റിന്റെ പുറകിൽ നിർദ്ദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ പേരും മേൽവിലാസവും ഒപ്പും എഴുതി ശേഷം രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസങ്ങള്‍ക്കുള്ളിൽ സമ്മാന ടിക്കറ്റ് ലോട്ടറി വകുപ്പിൽ ഹാജരാക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe