കൊച്ചി: സിനിമ മേഖലയിലെ സ്ത്രീസുരക്ഷക്ക് വേണ്ടി പ്രത്യേക നിയമം തയാറാക്കുന്ന സമിതി ചെയർമാൻ സ്ത്രീകൾകൂടി അംഗീകരിക്കുന്നയാളായിരിക്കണമെന്ന് ഹൈകോടതി.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയമത്തിന് സ്ത്രീകളുടെ വിശ്വാസമാർജിക്കാൻ കഴിയണമെങ്കിൽ ഇത് അനിവാര്യമാണെന്നും സ്ത്രീപക്ഷ നിലപാട് ഉണ്ടാകണമെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
അതേസമയം, സിനിമ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് നടത്താൻ തീരുമാനിച്ച കോൺക്ലേവിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം സ്ത്രീക്ക് നൽകുന്നതാണ് ഉചിതമെന്ന് സിനിമ മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കലക്ടിവ് അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സിനിമ കോൺക്ലേവ് സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് ഹരജിയിലെ വാദത്തിനിടെ ആരോപണമുയർന്നു. ആരോപണങ്ങളിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് നേതൃത്വം കൊടുക്കുന്നവരുടെ വിശ്വാസ്യത സംബന്ധിച്ച് അഭിപ്രായമുന്നയിച്ചത്.
സിനിമ കോൺക്ലേവിൽ അഭിപ്രായ ശേഖരണം മാത്രമാണ് നടക്കുന്നതെന്നും നയരൂപവത്കരണം സർക്കാറിന്റെ ചുമതലയാണെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. പുതിയ നിയമനിർമാണത്തിന്റെ ഭാഗമായി 140ഓളം സംഘടനകളിൽനിന്ന് അഭിപ്രായം ശേഖരിച്ചിട്ടുണ്ട്. കരട് നിയമം പുറത്തിറക്കും.
സിനിമ മേഖലയിൽനിന്നുണ്ടായ ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജികൾ നിലവിലുള്ളതിനാൽ വീണ്ടും ഹരജികൾ ഒരുമാസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി.