തിരുവനന്തപുരം : പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി കേരളാ ബജറ്റിൽ അനുവദിച്ചു. വന്യജീവി ആക്രമണം തടയാൻ 50 കോടിയുടെ പദ്ധതിയും വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടിയും അനുവദിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. തെരുവുനായ അക്രമം തടയാൻ എബിസി കേന്ദ്രങ്ങൾക്ക് രണ്ട് കോടി അനുവദിച്ചു.
ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി
സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി.
സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.