കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടി, പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനം

news image
Feb 7, 2025, 5:55 am GMT+0000 payyolionline.in

തിരുവനന്തപുരം: 2025-2026 വർഷത്തെ സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വച്ചു, ചാമ്പ്യൻസ് ബോട്ട് ലീ​ഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025-2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്നും പ്രഖ്യാപനം. ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാൻ കിഫ്ബിയിൽ നിന്ന് 6000 കോടിയോളം രൂപയോളം നാഷണൽ ഹൈവേ അതോറിറ്റിക്ക് സംസ്ഥാന സർക്കാർ നൽകി.ഇത് കൂടാതെ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും ദ്രുത​ഗതിയിൽ മുന്നേറുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്. ഹെൽത്ത് ടൂറിസം പദ്ധതിക്ക് 50 കോടി രൂപ പ്രഖ്യാപിച്ചു. കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും. വിഴിഞ്ഞത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റവതരണമാണ് നടന്നത്.

അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോല​ഗോപാൽ.  ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe