മംഗളൂരു: പുത്തൂർ മഹാലിംഗേശ്വര ക്ഷേത്ര പരിസരത്ത് പൊളിച്ചുമാറ്റിയ വീടിന്റെ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 40 ഗ്രാം സ്വർണം കണ്ടെത്തി. ഭൂമി തർക്കത്തിന്റെ ഭാഗമായി ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ രാജേഷ് ബന്നൂരിന്റെ വീട് അർധരാത്രി ഇടിച്ചുനിരത്തിയിരുന്നു.
തകർന്ന വീടിനുള്ളിൽ സ്വർണവും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നുകാണിച്ച് രാജേഷ് ബന്നൂർ നേരത്തേ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാജേഷ് ബന്നൂരിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു തിരച്ചിൽ. ജ്വല്ലറിയിൽ പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പുവരുത്തി ഔദ്യോഗിക രേഖകൾ പ്രകാരം കസ്റ്റഡിയിലെടുത്തു. ക്ഷേത്ര ഭരണസമിതിക്കെതിരെ കേസെടുക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലിംഗേശ്വര ക്ഷേത്ര സംരക്ഷണ സമിതി സിറ്റി പൊലീസ് സ്റ്റേഷനിൽ നിവേദനം സമർപ്പിച്ചു. ക്ഷേത്ര ഭൂമി അതിന്റെ യഥാർഥ അധികാരത്തിൽ തന്നെ തുടരണമെന്നും അനധികൃതമായി കൈവശം വെക്കുന്നത് സ്വീകാര്യമല്ലെന്നും നിവേദനത്തിൽ പറഞ്ഞു. ഭക്തരുടെ ആഗ്രഹപ്രകാരമാണ് നിലവിലെ ക്ഷേത്ര ഭരണസമിതി പ്രവർത്തിക്കുന്നതെന്നും മാനേജ്മെന്റിനെതിരായ രാജേഷ് ബന്നൂരിന്റെ പരാതി പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടു. ഹരിപ്രസാദ് ഷെട്ടി നെല്ലിക്കട്ടെ, ബാലചന്ദ്ര സൊറാക്കെ എന്നിവരുൾപ്പെടെയുള്ള കമ്മിറ്റി അംഗങ്ങളാണ് നിവേദനം നൽകിയത്.
ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. ശ്രീനിവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷ് ബന്നൂരിനും മറ്റ് ഒമ്പത് പേർക്കുമെതിരെ പുത്തൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.