ധാക്ക: ബംഗ്ലാദേശി നടിമാരായ സൊഹാന സഭയെയും മെഹർ അഫ്രോസ് ഷാവോണിനെയും ധാക്ക പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു.
രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയത്തിയെന്ന് ആരോപിച്ചാണ് ബംഗ്ലാദേശി നടിയും ദേശീയ ചലച്ചിത്ര അവാർഡ് നേടിയ പിന്നണിഗായികയുമായ മെഹർ അഫ്രോസ് ഷാവോണിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. മെഹറിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് സഭയെയും ചോദ്യം ചെയ്യുന്നതിനായി ധാക്ക പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ വിമർശിച്ച് മെഹർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് നടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സൊഹാന സഭയെയും കസ്റ്റഡിയിലെടുക്കുന്നത്.
അറസ്റ്റിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, രണ്ട് നടിമാരും അവാമി ലീഗിനെ ശക്തമായി പിന്തുണച്ചിരുന്നു. ഇരുവരെയും ഒരു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പൊലീസ് വിട്ടയച്ചു.
2006 ൽ ‘ അയ്ന’ എന്ന ചിത്രത്തിലൂടെയാണ് സൊഹാന സബ സിനിമയിലെത്തിയത്. 2015 ൽ പുറത്തിറങ്ങിയ ‘ബ്രിഹോന്നോള’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള അംഗീകാരം നേടിയിട്ടുണ്ട്.