കേരളത്തിന്റെ തനത് പലഹാരങ്ങൾക്ക് ജിഎസ്ടി കുറയ്ക്കണം: ബേക്കറി ഉടമകളുടെ ആവശ്യം

news image
Feb 8, 2025, 10:50 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിന്‍റെ തനത് പലഹാരങ്ങൾക്ക് ചുമത്തുന്ന ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് ബേക്കറി ഉടമകള്‍. ചായക്കടകളിലും ഹോട്ടലുകളിലും ഇതേ പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം മാത്രം ജിഎസ്ടി ഈടാക്കുമ്പോഴാണ് ബേക്കറികളിലെ ഉയര്‍ന്ന ജിഎസ്ടി നിരക്ക്. പഴം പൊരി, കൊഴുക്കട്ട, വട്ടയപ്പം, ചക്കയട തുടങ്ങിയ പലഹാരങ്ങള്‍ക്കാണ് ബേക്കറിയിൽ വിറ്റാൽ 18 ശതമാനം ജിഎസ് ടി ഈടാക്കുന്നത്.

എന്നാൽ ഇവ ഹോട്ടലുകളിലും ചായക്കടകളിലും വിറ്റാൽ അഞ്ച് ശതമാനം നികുതി കൊടുത്താൽ മതി. റെസ്റ്റോറന്‍റുകളെ സര്‍വീസ് വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് ഈ കുറവ്. ബേക്കറികളിൽ വിൽക്കുമ്പോള്‍ ഈ പലഹാരങ്ങള്‍ ഏത് എച്ച് എസ് എൻ കോഡിൽ വരുമെന്ന് നിര്‍വചിക്കാത്തതാണ് 18 ശതമാനം നികുതി ചുമത്തുന്നതിന് കാരണം. ഉയര്‍ന്ന നികുതിയായതിൽ പലഹാരങ്ങള്‍ക്ക് വിലയും കൂടും.

ലഡു ജിലേബി തുടങ്ങിയ മധുര പലഹാരങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയേ ബേക്കറികളിലൂള്ളൂ. ബേക്കറി ഉടമകൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ അടക്കം കണ്ട് പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇതിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് ബേക്കറി ഉടമകളുടെ പ്രധാന ആവശ്യം. കേരളത്തിന്‍റെ തനത് പലഹാരങ്ങളുടെ നികുതി കുറയ്ക്കുന്നത് കൂടുതൽ ചെറുകിട ഇടത്തരം സംരഭങ്ങളെ ജിഎസ്ടി രജിസ്ട്രേഷന് പ്രേരിപ്പിക്കുമെന്നാണ് സംഘടനയുടെ പക്ഷം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe