തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിൽ 1 കോടിയിലധികം ജനങ്ങളുടെ സ്ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്ക്രീനിംഗ് പൂർത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. നവകേരളം കർമ്മപദ്ധതി രണ്ട് ആർദ്രം മിഷന്റെ 10 പദ്ധതികളിൽ പ്രധാനമാണ് ജീവിതശൈലീ രോഗ പ്രതിരോധവും കാൻസർ പ്രതിരോധവും. ആദ്യഘട്ട സ്ക്രീനിംഗിൽ ഏകദേശം 9 ലക്ഷത്തോളം ആളുകൾക്കും രണ്ടാം ഘട്ട സ്ക്രീനിംഗിൽ 2 ലക്ഷത്തിലധികം ആളുകൾക്കും കാൻസർ സാധ്യത കണ്ടെത്തി. ഇത്തരത്തിൽ കണ്ടെത്തിയ ആളുകളിൽ ആദ്യഘട്ടത്തിൽ 1.5 ലക്ഷം ആളുകളും രണ്ടാം ഘട്ടത്തിൽ 40,000 പേരും മാത്രമാണ് തുടർ പരിശോധനയ്ക്ക് തയ്യാറായത്. സ്ക്രീനിംഗിൽ കണ്ടെത്തിയ ഭൂരിപക്ഷം പേരും കാൻസർ തുടർ പരിശോധനയ്ക്ക് സന്നദ്ധമാകുന്നില്ല എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ വ്യക്തിയ്ക്കും വാർഷിക ആരോഗ്യ പരിശോധന നടത്തി രോഗാതുരത കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ ഒന്നാം ഘട്ട സ്ക്രീനിംഗിൽ പങ്കെടുത്തവരെ കൂടി ഉൾക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തിൽ രക്താതിമർദം, പ്രമേഹം, കാൻസർ, ടിബി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ രണ്ടാം ഘട്ടത്തിൽ ഈ രോഗങ്ങൾക്കൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്നം, കേൾവി പ്രശ്നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു. സ്ക്രീനിംഗിൽ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ശൈലി രണ്ട് വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 1 കോടിയിലധികം പേരുടെ സ്ക്രീനിംഗ് നടത്തിയതിൽ 44.85 ശതമാനം പേർക്ക് (45,00,077) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവിൽ രക്താതിമർദം മാത്രമുള്ള 13,39,455 (13.35 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 8,85,051 (8.82 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 6,01,958 പേരുടേയും (6 ശതമാനം) ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി. കാൻസർ സാധ്യതയുള്ള 2,03,506 പേരെ (2.03 ശതമാനം) കണ്ടെത്തി തുടർ പരിശോധനയ്ക്കായി റഫർ ചെയ്തു. 39,889 പേരെ വായിലെ കാൻസറും 1,25,985 പേരെ സ്തനാർബുദവും 45,436 പേരെ ഗർഭാശയഗള കാൻസറും സംശയിച്ചാണ് റഫർ ചെയ്തത്.