മലപ്പുറം: മലപ്പുറത്ത് സെവൻസ് ടൂർണമെൻ്റിൻ്റെ ഭാഗമായി നടത്തിയ കരിമരുന്ന് പ്രയോഗത്തിൽ തീപ്പൊരി പതിച്ച് കാണികൾക്ക് പരിക്ക്. തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടയ്ക്കാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഫൈനൽ മത്സരത്തിനു മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടമുണ്ടായത് മുകളിലേക്ക് തെറിച്ച പടക്കം ദിശതെറ്റി കാണികൾക്കിടയിലേക്ക് വീഴുകയായിരുന്നു. കാണികൾ മാറുംമുമ്പ് പൊട്ടിത്തെറിച്ചു. പരിക്കേറ്റവരെ ആദ്യം പത്തനാപുരം അൽനാസ് ആശുപത്രിയിലും തുടർന്ന് അരിക്കോട് ആസ്റ്റർ മദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കെ എം ജി മാനുരും നെല്ലിക്കുത്ത് യുണൈറ്റഡ് എഫ്‌സിയും തമ്മിലായിരുന്നു ഫൈനൽ മത്സരം ഒമ്പതിനായിരത്തോളം കാണികൾ മത്സരം കാണാൻ എത്തിയിരുന്നു. മത്സരത്തിന് മുന്നോടിയായി സംഘാടകരാണ് കരിമരുന്ന് പ്രയോഗം നടത്തിയത്. കരിമരുന്ന് പെട്ടി മറിഞ്ഞുവീണതാണ് പടക്കത്തിൻ്റെ ദിശതെറ്റാൻ കാരണമെന്ന് പറയുന്നു. സ്ഥിതിഗതികൾ ശാന്തമായതോടെ ഫൈനൽ മത്സരം ആരംഭിച്ചു