കേരളത്തിൽ അരി ഉപഭോഗം കുറയുന്നു: പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു

news image
Feb 21, 2025, 6:57 am GMT+0000 payyolionline.in

അരിയാഹാരം മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണെന്നതിന് യാതൊരു സംശയം വേണ്ട. പ്രഭാതഭക്ഷണത്തിന് മിക്ക വീടുകളിലെയും പ്രധാന വിഭവങ്ങളെന്ന് പറയുന്നത് ദോശയോ ഇഡ്ഡലിയോ അല്ലെങ്കിൽ പുട്ട് ഒക്കെയാണ്. എന്നാൽ ഇപ്പോൾ കേരളീയർക്ക് അരിയാഹാരത്തോടുള്ള താൽപര്യം കുറഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2011-12 ൽ കേരളത്തിലെ ​ഗ്രാമീണ പ്രദേശത്ത് അരി ഉപഭോഗം പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു.  2022- 23 ൽ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളിൽ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിവിട്ട ഡാറ്റയിൽ വ്യക്തമാക്കുന്നു.

 

‘ചെറുപ്പക്കാർ ഉച്ചയ്ക്ക് ചോറ് ഒഴിവാക്കി സ്നാക്ക്സിലേക്ക് മാറുന്നു’ – മഞ്ജു പി ജോർജ്

‘ മലയാളികൾക്കിടയിൽ ബോധവത്കരണം വന്ന് തുടങ്ങിയത് കൊണ്ട് തന്നെയാണ് അരിയാഹാരം ഒഴിവാക്കുന്നത് എന്നതാണ് ആദ്യത്തെ ഒരു കാരണം. കൊഴുക്കട്ട, അട, ചോറ് പോലുള്ളവ അധികം ആളുകളും ഒഴിവാക്കുന്നുണ്ട്. ഉച്ചയ്ക്ക് ചോറ് ഒഴിവാക്കുകയും പഫ്സ്, കട്‌ലറ്റ് , സാൻവിച്ച് , പിസ, ബർ​ഗർ പോലുള്ള സ്നാക്ക്സ് കഴിക്കുന്നതിലേക്കും പലരും മാറിയിട്ടുണ്ട്. ഉച്ചയ്ക്ക് ജങ്ക് ഫുഡിലോട്ട് പോകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഇൻർമിന്റ് ഫാസ്റ്റിംഗ് ചെയ്യുന്നത് കൊണ്ട് തന്നെ പലരും ഉച്ചയ്ക്ക് ചോറ് ഒഴിവാക്കുകയും സാലഡ് മാത്രം കഴിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊന്ന്, ചോറ് ഒഴിവാക്കുകയും ഉച്ചയ്ക്ക് മില്ലറ്റ് കഴിക്കുന്നതും ഇന്ന് കണ്ട് വരുന്നു. കാരണം മില്ലറ്റ് കുറച്ച് കഴിച്ചാലും പെട്ടെന്നാണ് വയറ് നിറയുന്നത്. പ്രമേഹം, ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾ ബാധിക്കുമെന്നത് കൊണ്ടാണ് പലരും ചോറ് ഒഴിവാക്കുന്നതെന്നാണ് മനസിലാക്കേണ്ടത്… ‘ – എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ മഞ്ജു പി ജോർജ് പറഞ്ഞു.

‘ചോറ് കഴിച്ചാൽ പ്രമേഹം ഉണ്ടാകുമോ എന്ന് പലരും ഭയപ്പെടുന്നു’ –  ഡോ. രാഹുൽ വത്സരാജ്

‘ അരിയാഹാരം കഴിക്കുന്നതിൽ കുറവ് ഉണ്ടായതായി തോന്നുന്നില്ല. മലയാളികളുടെയിടയിൽ ഇന്ന് ബോധവത്കരണം വന്ന് തുടങ്ങിയിട്ടുണ്ട്. കാരണം, അരിയാഹാരം കഴിച്ചാൽ പ്രമേഹം പോലുള്ള രോ​ഗങ്ങൾ പിടിപെടാമെന്നതിനെ കുറിച്ച് ആശങ്ക ആളുകൾക്കിടയിൽ വന്നിട്ടുണ്ട്. ഇന്ന് അധികം ആളുകളും രാവിലെയും രാത്രിയും അരിയാഹാരത്തിന് പകരം മില്ലറ്റ്സ്, ​ഗോതമ്പ് വിഭവങ്ങൾ എന്നിവ കൂടുതലായി കഴിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്. അമിതവണ്ണം തന്നെയാണ് പല രോ​ഗങ്ങൾക്കുള്ളമുള്ള പ്രധാന കാരണം. അത് കൊണ്ട് തന്നെ ആളുകളോട് കാർബോഹെെഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കുന്നത് കുറയ്ക്കാനാണ് പറയാറുള്ളത്. ഇന്ത്യക്കാരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. വയറിലാണ് കൊഴുപ്പ് കൂടുതലും അടി‍ഞ്ഞ് കൂടുന്നത്. അത് കൊണ്ട് മാത്രമല്ല ജീവിതശെെലിയും പ്രമേഹ സാധ്യത കൂട്ടുന്നുണ്ട്. ​ചോറ് കുറച്ച് കറി കൂടുതൽ കഴിക്കാനാണ് ആളുകളോട് എപ്പോഴും പറയാറുള്ളത്…’ – എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി വിഭാ​ഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. രാഹുൽ വത്സരാജ് പറയുന്നു.

‘രോഗങ്ങൾ പിടിപെടുമെന്ന പേടി ആളുകൾക്കുണ്ട്’ – ഡോ. ലളിത അപ്പുക്കുട്ടൻ

‘ മലയാളികളുടെയിടയിൽ ഭക്ഷണരീതി മാറി തുടങ്ങിയിരിക്കുകയാണ്. രോഗങ്ങൾ പിടിപെടുമെന്ന പേടിയുള്ളത് കൊണ്ട് തന്നെയാണ് പലരും ചോറ് ഒഴിവാക്കുന്നത്. പ്രധാനമായി പ്രമേഹം ബാധിക്കുമെന്ന് പലർക്കും പേടിയുണ്ട്. അരിയാഹാരം കഴിക്കുന്നത് അമിത ക്ഷീണത്തിന് ഇടയാക്കും. വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ ഉച്ചയ്ക്ക് ചോറ് ഒഴിവാക്കി ഗോതമ്പിലോട്ടും മിലറ്റിലോട്ടും മാറിയിട്ടുണ്ട്.  ഇഡ്ഡലി, ദോശ, പുട്ട് എന്നിവയില്ലെല്ലാം കാർബോഹെെഡ്രേറ്റ് കൂടുതലാണ്. കാർബോഹെെഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുന്നത്
രോഗങ്ങൾ തടഞ്ഞ് നിർത്താൻ സഹായിക്കും. പച്ചക്കറികൾ, മുട്ട, പയർവർഗങ്ങൾ എന്നിവ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെത്തുക…’ – ലെെഫ് സ്റ്റെെൽ വിദഗ്ധയും നിംസ് മെഡിസിറ്റിയിലെ ഹോളിസിസ്റ്റിക്ക് മെ‍ഡിസിൻ വിഭാഗം കൺസൾന്റുമായ ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.

‘ മട്ട റെെസിനാണ് ഡിമാന്റ് ‘ –  ഗോഡ് വിൻ ആന്റണി

‘ അരിയിൽ കൂടുതൽ മട്ട റെെസാണ് ഇന്ന് അധികം ആളുകളും തിരഞ്ഞെടുക്കുന്നത്. യുകെയിൽ 120 ശതമാനം വർദ്ധനവാണ് വന്നിട്ടുള്ളത്. ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും മട്ട റെെസ് ഞങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കേരളത്തിൽ അരിഹാരം കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും അത് പവിഴം റെെസിനെ ബാധിച്ചിട്ടില്ല. സിംഗിൽ റെെസ് മില്ലുകളെയും ഈ പ്രശ്നം കൂടുതൽ ബാധിച്ചിട്ടുള്ളത്.  പ്രമേഹം പോലുള്ള രോഗങ്ങൾ പിടിപെടുമോ എന്ന ആശങ്ക മലയാളികൾക്കിടയിൽ ഉള്ളത് കൊണ്ട് തന്നെ തവിടോട് കൂടിയ അരിയ്ക്കും ആവശ്യക്കാർ ഏറെയാണ്…’ – അരിക്കാർ പവിഴം ഗ്രൂപ്പ് ഡയറക്ടർ ഗോഡ് വിൻ ആന്റണി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe