ദുബായ്: വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിൽ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബൗണ്ടറിയിടിച്ച് 51-ാം ഏകദിന സെഞ്ച്വറിയും വിജയറണ്ണും കോഹ്‌ലി സ്വന്തമാക്കുകയായിരുന്നു. അർധ സെഞ്ച്വറിയുമായി (56)ശ്രേയസ് അയ്യരും 46 റൺസുമായി ശുഭ്മാൻ ഗില്ലും മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ രോഹിത് ശർമ 20 റൺസെടുത്തും ഹാർദിക് പാണ്ഡ്യ എട്ട് റൺസെടുത്തും മടങ്ങി. മൂന്ന് റൺസുമായി അക്‌സർ പട്ടേൽ പുറത്താകാതെ നിന്നു. പാകിസ്താനായി ഷഹീൻ ഷാ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സെമി ഉറപ്പിച്ചപ്പോൾ പാകിസ്താന്റെ നില പരുങ്ങലിലായി. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമെ പാകിസ്താന് ഇനി സെമിയിലെത്താനാകൂ.
പാകിസ്താൻ വിജയലക്ഷ്യംതേടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് നായകൻ രോഹിത് ശർമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 റൺസെടുത്ത ഹിറ്റ്മാനെ അഫ്രീദി ക്ലീൻബൗൾഡാക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഗിൽ-കോഹ്‌ലി സഖ്യം വിജയത്തിലേക്കുള്ള പാതയൊരുക്കി. പേസ്-സ്പിൻ ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഇരുവരും സ്‌കോർ ഉയർത്തി. രണ്ടാ വിക്കറ്റിൽ ഇരുവരും ചേർന്ന് ഇന്ത്യയെ 17.3 ഓവറിൽ 100 റൺസിലെത്തിച്ചു. അർധ സെഞ്ച്വറിക്ക് അരികെ ഗില്ലിനെ(46) ബൗൾഡാക്കിയ അർബ്രാർ അഹമ്മദ് പാകിസ്താന് പ്രതീക്ഷ നൽകിയെങ്കിലും നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യർ മികച്ച പിന്തുണയുമായി ഒപ്പംനിന്നതോടെ ഇന്ത്യ അനായാസമായി ലക്ഷ്യത്തിലേക്ക് മുന്നേറി. 67 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സറും സഹിതമാണ് ശ്രേയസ് 56 റൺസെടുത്തത്. 40 ഓവർ പിന്നിടുമ്പോൾ വിരാട് കോഹ്‌ലി സെഞ്ച്വറിയിലേക്കെത്തുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാൽ 96ൽ നിൽക്കെ കുഷ്ദിൽ ഷായെ കവർ ഡ്രൈവിലൂടെ ബൗണ്ടറി പറത്തി വിരാട് 51-ാം ഏകദിന സെഞ്ചുറിയും ഇന്ത്യൻ വിജയവും പൂർത്തിയാക്കി. 111 പന്തിൽ ഏഴ് ഫോറുകൾ സഹിതമാണ് ശതകം പൂർത്തിയാക്കിയത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.62 റൺസെടുത്ത സൗദ് ഷക്കീലാലാണ് ടോപ് സ്‌കോറർ. ബാബർ അസം 23 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ 46 റൺസടിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ഹാർദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണിങിൽ ബാബർ അസമും ഇമാം ഉൾ ഹഖും ചേർന്ന് പാകിസ്താന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്‌കോർ 41ൽ നിൽക്കെ ബാബറിനെ(23) കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. തൊട്ടുപിന്നാലെ മികച്ചൊരു റണ്ണൗട്ടിലൂടെ അക്സർ പട്ടേൽ ഇമാം ഉൽ ഹഖിനെയും(10) മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൗദ് ഷക്കീൽ-റിസ്വാൻ കൂട്ടുകെട്ട് പാകിസ്താൻ ഇന്നിങ്സിന് അടിത്തറപാകി.
മധ്യഓവറുകളിൽ ഇരുവരും കരുതലോടെയാണ് നീങ്ങിയത്. മോശം പന്തുകളെ മാത്രം നേരിട്ട ഇരുവരും ചേർന്ന് സ്‌കോർ 100 റൺസ് കൂട്ടുകെട്ട് ചേർത്തു. എന്നാൽ നിർണായക സമയത്ത് റിസ്വാനെ ക്ലീൻബൗൾഡാക്കി(46) അക്സർ പട്ടേൽ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്കെത്തിച്ചു. തൊട്ടുപിന്നാലെ സൗദ് ഷക്കീലും(62), തയ്യിബ് താഹിറും(4) മടങ്ങിയതോടെ പാകിസ്താൻ ബാക്ക്ഫൂട്ടിലായി. ഒരുവേള പാകിസ്ഥാൻ 151-2ൽ നിന്ന് 165-5ലേക്ക് തകർന്നടിയുകയായിരുന്നു. എന്നാൽ ഖുഷ്ദിൽ ഷായും സൽമാൻ ആഗയും ചേർന്നുള്ള കൂട്ടുകെട്ട് സ്‌കോർ 200 കടത്തി. എന്നാൽ സൽമാൻ ആഗ(19)യെ വീഴ്ത്തി കുൽദീപ് യാദവ് അവസാന ഓവറുകളിൽ പാകിസ്താന്റെ റണ്ണൊഴുക്ക് കുറച്ചു. പിന്നാലെയെത്തിയ ഷഹീൻ ഷാ അഫ്രീദിയും(0),നസീം ഷായും(14), ഹാരിസ് റൗഫും(8) വേഗത്തിൽ പുറത്തായി. അവസാന ഓവറുകളിൽ ഖുഷ്ദിൽ ഷാ നടത്തിയ പ്രകടനമാണ് സ്‌കോർ 242ൽ എത്തിച്ചത്.