ആറളം: കാട്ടാനയുടെ ആക്രമണത്തിൽ ആറളം ഫാമിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. ആറളം പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഹർത്താൽ പ്രഖ്യാപിച്ചു.
ഫാമിലെ 13ാം ബ്ലോക്ക് കരിക്കിൻ മുക്ക് ആർ.ആർ.ടി ഓഫിസിന് സമീപമായിരുന്നു കാട്ടാന അക്രമം. ആറളം വില്ലേജ് അമ്പലക്കണ്ടി കോളനിയിലെ താമസക്കാരായ വെള്ളി (80), ഭാര്യ ലീല (70) എന്നിവരാണ് കൊല്ലപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി 10 ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നൽകുമെന്നും അധികൃതർ അറിയിച്ചു.
അതിനിടെ, സംഭവത്തെ തുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പങ്കെടുക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അടിയന്തര യോഗം ചേരുന്നത്.
ആറളത്തെ അടിക്കാടുകള്‍ ഉടൻ വെട്ടി മാറ്റാനും യോഗം തീരുമാനിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ ഉള്ള നടപടി തുടരും. ആനമതില്‍ പണി വേഗത്തില്‍ ആക്കാന്‍ യോഗത്തില്‍ ടി.ആർ.ഡി.എമ്മിനോടും പി.ഡബ്ല്യൂ.ഡിയോടും ആവശ്യപ്പെടും. യോഗത്തിൽ ജില്ല കലക്ടര്‍, പൊലീസ്, വനം, ട്രൈബല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.