തിരുവനന്തപുരം: കേരളത്തെ നടുക്കി തിരുവനന്തപുരത്തെ കൂട്ടക്കൊലയിലെ എഫ്ഐആര്‍ പുറത്ത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതി അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. റിപ്പര്‍ മോഡൽ നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നാണ് പ്രദേശവാസികളടക്കം പറയുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസും സ്ഥിരീകരിക്കുന്നു. ചുറ്റിക അടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിച്ചാണ് 23കാരനായ അഫാൻ അഞ്ചുപേരെയും കൊലപ്പെടുത്തിയത്. കൊല നടത്തുന്നതിനായി പ്രതി ചുറ്റിക വാങ്ങിയെന്നും മൊഴിയുണ്ട്.
കൊലപ്പെടുത്തിയ മാരാകായുധം ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പി പറഞ്ഞു. മൂന്നിടങ്ങളിലും ഒരേ ആയുധമാണോ ഉപേയാഗിച്ചതെന്ന കാര്യമടക്കം അന്വേഷിച്ചുവരുകയാണെന്നും റൂറൽ എസ്പി പറഞ്ഞു. പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിലായി മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും റൂറൽ എസ്പി പറഞ്ഞു. ചിലരെ വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്നും വിവരമുണ്ട്. മൃതദേഹങ്ങള്‍ കണ്ട നാട്ടുകാരും അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നും വലിയ ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്.
പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നാം വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും പ്രതിയുടെ മാതാവ് ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും പ്രതി ചികിത്സയിലായതിനാൽ കൂടുതൽ മൊഴിയെടുക്കാനായിട്ടില്ലെന്നും റൂറൽ എസ്പി പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം അടക്കം കൂടുതൽ പരിശോധന ആവശ്യമുണ്ട്.സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന പ്രാഥമിക വിവരമുണ്ട്. ഇക്കാര്യങ്ങളിലൊക്കെ വിശദമായ അന്വേഷണം വേണം ചുറ്റികകൊണ്ട് മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും റൂറൽ എസ്പി പറഞ്ഞു.
രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊല നടന്നത്. ആദ്യം പാങ്ങോട്ടെ വീട്ടിലെത്തി അമ്മൂമ്മയേയും പിന്നീട് എസ്എൻ പുരത്തെ വീട്ടിലെത്തി ബന്ധുക്കളെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നു.കൊല നടത്തുന്നതിന് മുമ്പ് വീട്ടിൽ നിന്ന് ബൈക്കിലാണ് അനിയനെയും കൂട്ടികൊണ്ടുപോയി മന്തി വാങ്ങി നൽകിയത്. ഇതിനുശേഷം വീട്ടിലെത്തി സഹോദരനെയും പെൺ സുഹൃത്തിനെയും കൊലപ്പെടുത്തി. മാതാവിനെ ആക്രമിച്ചു.
മാതാവിനെ വെട്ടിയശേഷം മുറി പൂട്ടിയിട്ട് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. മൂന്നുപേരെയും മൂന്നു മുറികളിലിട്ടാണ് ആക്രമിച്ചത്. ആരെങ്കിലും വീട്ടിലെത്തി ലൈറ്റിട്ടാൽ പൊട്ടിത്തെറിയുണ്ടാകുന്നതിനായാണ് ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടത്. ആരും രക്ഷപ്പെടരുതെന്ന ചിന്തയിലാണ് പ്രതി ഇത്തരത്തില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടതെന്നാണ് കരുതുന്നത്.
കൊലപാതകം നടന്ന വെഞ്ഞാറമൂടിലേ പേരുമലയിലും പാങ്ങോടും എസ്എൻ പുരത്തും റൂറൽ എസ്പി എത്തി പരിശോധന നടത്തി.കൊല നടത്തിയശേഷം പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. എലിവിഷം കഴിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതി അഫാനെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ടവര്‍
വെഞ്ഞാറമൂട്, പേരുമല
1. അഫ്സാൻ, പ്രതിയുടെ സഹോദരൻ
2. ഫർസാന, പ്രതിയുടെ സുഹൃത്ത്
പാങ്ങോട്
3.സൽമാ ബീവി, പ്രതിയുടെ അച്ഛന്റെ അമ്മ
എസ്എൻ പുരം
4.ലത്തീഫ് പ്രതിയുടെ പിതാവിന്റെ സഹോദരൻ
5.ഷാഹിദ, ലത്തീഫിന്റെ ഭാര്യ