അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക കണ്ടെത്തൽ; മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി

news image
Feb 25, 2025, 7:00 am GMT+0000 payyolionline.in

തിരുവനന്തപുരം: കുടുംബത്തിലെ അഞ്ചുപേ​രെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വെഞ്ഞാറമൂട് പേരുമല സൽമാസിൽ പുല്ലമ്പാറ അഫാൻ (23) ലഹരി ഉപയോഗിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡി.വൈ.എസ്.പി. മുത്തശ്ശിയും ഇളയ സഹോദരനുമടക്കം അഞ്ചുപേരെയാണ് അഫാൻ വെട്ടിക്കൊന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിൽ നിന്ന് ആഭരണങ്ങൾ നഷ്ടമായിട്ടുണ്ടോ എന്നത് ബന്ധുക്കളുമായി സംസാരിച്ച ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ 10 മണിമുതൽ വൈകീട്ട് നാലുമണിവരെ 6 മണിക്കൂറിനുള്ളിലാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇതെന്നാണ് പൊലീസ് നിഗമനം. രാവിലെ 10 മണിയോടെ ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. അർബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് മൊഴി. ഗുരുതര പരിക്കേറ്റ ഇവർ വെന്റിലേറ്ററിലാണ്. തുടർന്ന് ഉച്ച 1.15ന് അഫാൻ താമസിക്കുന്ന പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇവരുടെ സ്വർണമാലയെടുത്ത് വെഞ്ഞാറമൂട് എത്തിയപ്പോൾ പിതൃസഹോദരൻ ലത്തീഫ് ഫോണിൽ വിളിച്ചു. ലത്തീഫ് എല്ലാം മനസിലാക്കി എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചു.

വെഞ്ഞാറമൂട് നിന്നാണ് ഇതിനായി ചുറ്റിക വാങ്ങിയത്. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. ചുറ്റിക കൊണ്ടായിരുന്നു കൊലപാതകം. നാലുമണിയോടെ കാമുകി ഫർസാന (23)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം കുഞ്ഞനുജൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാനെ (13) വീട്ടിൽ വെച്ച് കൊന്നു. പരീക്ഷ കഴിഞ്ഞു എത്തി ഉമ്മയെ അന്വേഷിച്ച അനുജനെ വീട്ടിനകത്ത് കയറ്റി ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് ആറുമണിയോടെ സ്റ്റേഷനിൽ എത്തി കീഴടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

മൂന്നിടങ്ങളിലായി നടന്ന ക്രൂരകൃത്യത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി വെളിപ്പെടുത്തിയതോടെയാണ് കൊലപാതക പരമ്പര സംഭവം പുറംലോകം അറിഞ്ഞത്. ഇയാൾ പറഞ്ഞതനുസരിച്ച് പൊലീസ് വീടുകളിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. മൂന്നിടത്തും പൊലീസ് എത്തിയപ്പോഴാണ് പരിസരവാസികൾ വിവരം അറിഞ്ഞത്.

അഫാൻ താമസിക്കുന്ന പേരുമലയിലെ വീട്ടിലാണ് സഹോദരൻ അഹ്സാന്‍റെയും ഫർസാനയുടെയും മൃതദേഹം കണ്ടെത്തിയത്. 10 കിലോമീറ്ററിലേറെ അകലെ എസ്.എൽ പുരത്തെ വീട്ടിലാണ് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർ കൊല്ലപ്പെട്ടത്. പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവി കൊല്ലപ്പെട്ടത്.

ക്രൂരകൃത്യത്തിന് ശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചു. കൊലക്ക് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് വീടുവിട്ടത്. അഫ്നാന്‍റെ പിതാവ് റഹിം സൗദി അറേബ്യയിൽ ഫർണിച്ചർ വ്യാപാരിയാണ്. അഫ്നാനും മാതാവും രണ്ടു മാസം മുമ്പാണ് പിതാവിന്‍റെ അടുത്തുപോയി തിരിച്ചുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe