തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ 23കാരൻ നടത്തിയ കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങളും തെളിവുകളും പുറത്തുവരുന്നു. പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്താൻ അഫാൻ ബൈക്കിൽ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വെറും ഏഴുമിനിറ്റിലാണ് അഫാൻ വല്യുമ്മ സൽമാബീവിയെ കൊന്ന് മാലയും കവർന്ന് രക്ഷപ്പെട്ടത്. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിൽ തന്നെയാണ് അഫാൻ എത്തിയത് എന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.
താഴെ പാങ്ങോട് ജുമാമസ്ജിദിന്റെ സി.സി.ടി.വിയിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞത്. പാങ്ങോട് ഭാഗത്തുനിന്നാണ് അഫാൻ ബൈക്കിൽ എത്തിയത്.
അതേസമയം, നാലു ദിവസങ്ങൾക്ക് മുമ്പും അഫാൻ സൽമാബീവിയെ കാണാൻ എത്തിയിരുന്നെന്ന് പിതൃസഹോദരൻ ബദറുദ്ദീൻ പറഞ്ഞു. ഫാൻ ഇടക്കിടെ ഉമ്മയെ കാണൻ എത്താറുണ്ടെന്നും ഉമ്മയോട് സ്വർണം ചോദിക്കാറുണ്ടെന്നുമാണ് ബദറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാവിലെ 10 മണിമുതൽ വൈകീട്ട് നാലുമണിവരെ 6 മണിക്കൂറിനുള്ളിലാണ് പ്രതി 5 കൊലപാതകങ്ങൾ നടത്തിയത്. ഉമ്മ ഷമീന റഹീമി(60)നെയാണ് പ്രതി അഫാൻ ആദ്യം ആക്രമിച്ചത്. അർബുദ രോഗി കൂടിയായ ഉമ്മയോട് പണം ആവശ്യപ്പെട്ടുവെന്നും നൽകാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് മൊഴി. ഗുരുതര പരിക്കേറ്റ ഇവർ വെന്റിലേറ്ററിലാണ്. തുടർന്നാണ് പാങ്ങോട്ടെ വീട്ടിൽ വന്ന് സൽമാബീവിയെ കൊലപ്പെടുത്തിയത്. വൈകീട്ട് മൂന്ന് മണിയോടെ പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തി. നാലുമണിയോടെ കാമുകി ഫർസാന (23)യെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. അവസാനം കുഞ്ഞനുജൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാനെ (13) വീട്ടിൽ വെച്ച് കൊന്നു.
അഫാൻ ലഹരി ഉപയോഗിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.