ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്രൂരമായ പീഡനത്തിനിരയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീടിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.
അയൽവാസിയായ 17കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂർത്തിയായ ആളായി പരിഗണിച്ച് പ്രതിയുടെ വിചാരണ നടത്തണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ശരീരം മുഴുവൻ മുറിവുകളുമായാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.
കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ 28 സ്റ്റിച്ചുകളാണ് ഉണ്ടായിരുന്നത്. വലിയൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടർന്നാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇത്രയും സ്റ്റിച്ചുകളിടേണ്ടി വന്നത്. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം ഇയാൾ കൊലപ്പെടുത്താനും ശ്രമിച്ചു. തല നിലത്തടിച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം.
മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടിന്റെ ടെറസിൽ നിന്ന് കൊണ്ടുപോയി ഒഴിഞ്ഞകെട്ടിടത്തിൽവെച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇടക്ക് ബോധം വന്നപ്പോൾ 17കാരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി രക്ഷിതാക്കളോട് പറയുകയായിരുന്നു.