ന്യൂഡൽഹി: ഡൽഹി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച് നിർണായകമായ സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ധനകാര്യരംഗത്തെ കെടുകാര്യസ്ഥതയും അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയും കഴിഞ്ഞ ആറ് വർഷമായി ഡൽഹിയിലെ ആശുപത്രികളിൽ തുടരുന്നുവെന്നും സി.എ.ജി റിപ്പോർട്ട് പറയുന്നു.
ആരോഗ്യ ഉപകരണങ്ങളുടേയും പ്രവർത്തകരുടേയും ക്ഷാമം, മൊഹല്ല ക്ലിനിക്കുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം, എമർജി ഫണ്ട് ഉപയോഗിക്കുന്നതിലെ പോരായ്മ എന്നിവയെല്ലാം ഡൽഹി ആരോഗ്യമേഖലയുടെ പ്രശ്നങ്ങളായി സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. ഡൽഹിയിലെ 27 ആശുപത്രികളിൽ 14 എണ്ണത്തിലും ഐ.സി.യു സംവിധാനമില്ല.16 എണ്ണത്തിൽ ബ്ലഡ് ബാങ്കില്ല.
എട്ട് ആശുപത്രികളിൽ ഓക്സിജൻ വിതരണമില്ല. 12 ആശുപത്രികളിൽ ആംബുലൻസ് സേവനവുമില്ല. ടോയ്ലെറ്റ്, പവർ ബാക്ക് അപ്, ചെക്ക്-അപ് ടേബിൾസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മൊഹല്ല ക്ലിനിക്കുകളിലും ആയുഷ് കേന്ദ്രങ്ങളിലുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിലെ ആശുപത്രികളിൽ 21 ശതമാനം നഴ്സുമാരുടെ ക്ഷാമമുണ്ട്. പാരമെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം 38 ശതമാനം കുറവാണ്. ചില ആശുപത്രികളിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ക്ഷാമം 50 മുതൽ 96 ശതമാനം വരെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഫണ്ടുകൾ ഉപയോഗിക്കുന്നതിലും വലിയ പോരായ്മയുണ്ടായിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 787.91 കോടി അനുവദിച്ചപ്പോൾ 582.84 കോടി രൂപയാണ് ചെലവഴിച്ചത്. 30.52 കോടി രൂപ ഇനിയും ചിലവഴിച്ചിട്ടില്ല. അവശ്യമരുന്നുകൾ വാങ്ങാൻ കോവിഡ് കാലത്ത് അനുവദിച്ച 83.14 കോടി രൂപയും ചെലവഴിച്ചില്ല. ആശുപത്രികളിലെ കിടക്കകളുടെ ശേഷിയും ഉയർത്താൻ പ്രതീക്ഷിച്ചത് പോലെ സാധിച്ചിട്ടില്ല. ഡൽഹിയിലെ ആശുപത്രികളിൽ 12 മാസം വരെ കാത്തിരിക്കേണ്ട സാഹചര്യവുമുണ്ട്.