മുംബൈ ∙ കേന്ദ്ര സഹമന്ത്രി രക്ഷാ ഖഡ്സെയുടെ മകളെയും സുഹൃത്തുക്കളെയും സ്വദേശമായ ജൽഗാവിൽ കയ്യേറ്റം ചെയ്ത 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. ജൽഗാവിലെ ഗ്രാമത്തിൽ സന്ത് മുക്തെ യാത്രയോട് അനുബന്ധിച്ചുള്ള ആഘോഷത്തിനിടയിലായിരുന്നു കയ്യേറ്റം.
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മകളും സുഹൃത്തുക്കളും. ഇവരെ പിന്തുടർന്ന് ശല്യം ചെയ്ത സംഘം ചിത്രങ്ങളും വിഡിയോയും അനുവാദമില്ലാതെ പകർത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ മുപ്പതോളം പേർ തടിച്ചുകൂടുകയും മോശമായി പെരുമാറുകയും ചെയ്തു.
കഴിഞ്ഞ മാസം 24ന് മറ്റൊരു പൊതുപരിപാടിയിൽ വച്ചും ഇതേ സംഘം ഇവരോട് മോശമായി പെരുമാറിയിരുന്നു. പ്രദേശത്തെ പ്രധാന ഗുണ്ടാ സംഘമാണ് ഈ യുവാക്കളെന്നും നേരത്തെ ഒട്ടേറെ പേർ ഇവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രിയും രക്ഷാ ഖഡ്സെയുടെ ഭർതൃപിതാവുമായ എൻസിപി (ശരദ്) നേതാവ് ഏക്നാഥ് ഖഡ്സെ പറഞ്ഞു.