കൊച്ചി ∙ വേദനയും മനഃപ്രയാസങ്ങളും അതിജീവിച്ച് ആ പതിനഞ്ചുകാരി ഇന്നു പത്താം ക്ലാസ് പരീക്ഷയെഴുതുന്നു. സഹപാഠികള് നായ്ക്കുരണ പൊടി ദേഹത്തു വിതറി ഒരു മാസത്തോളമായി ദുരിതം അനുഭവിക്കുന്ന കാക്കനാട് തെങ്ങോട് സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസുകാരിയാണ് ഇന്ന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതാനെത്തുമ്പോൾ കുട്ടിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ 6 പേർക്കെതിരെയും 2 അധ്യാപകർക്കെതിരെയും പൊലീസ് കേസെടുത്തു. വിദ്യാഭ്യാസ വകുപ്പും വിഷയം അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ മാസം മൂന്നിനാണു പെൺകുട്ടിയുടെ ദേഹത്ത് സഹപാഠികൾ നായ്ക്കുരണ ചെടിയുടെ കായ് ഇട്ടത്. തുടർന്ന് ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ട കുട്ടിക്ക് മണിക്കൂറുകളോളം സ്കൂളിലെ ശുചിമുറിയിൽ കഴിഞ്ഞുകൂടേണ്ടി വന്നു. ഇതിനിടയിൽ സ്വകാര്യ ഭാഗങ്ങളിലടക്കം നായ്ക്കുരണ പൊടിയുടെ അണുബാധയുണ്ടായി. പിന്നീട് വീട്ടിൽ നിന്നു പുതിയ വസ്ത്രവുമായി അമ്മ എത്തുകയും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുകയുമായിരുന്നു. എന്നാൽ അണുബാധ മൂർച്ഛിച്ചതോടെ നടക്കാനോ മൂത്രമൊഴിക്കാനോ പോലുമാവാത്ത അവസ്ഥയിലായി കുട്ടി. പിന്നീട് ഏറെ ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണു കുട്ടിയുടെ വേദനയ്ക്കു കുറവുണ്ടായത്.
സഹപാഠികളിൽ നിന്നുണ്ടായ ഉപദ്രവം കുട്ടിയുടെ മാനസികാവസ്ഥയെയും മോശമായി ബാധിച്ചിരുന്നു. പിന്നീട് മനശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ കൗൺസിലിങ്ങും മരുന്നുമൊക്കെ നൽകിയാണ് കുട്ടിയെ ആശ്വസിപ്പിച്ചത്. ഇതിനിടെ കുട്ടി പത്താം ക്ലാസ് പരീക്ഷയ്ക്കു പഠിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ പൊലീസിൽ പരാതിപ്പെട്ടില്ലെങ്കിലും കുട്ടിയുടെ അവസ്ഥ മോശമായതോടെ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. വിഷയം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. അധ്യാപകരിൽനിന്നു പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷ അവസാനിക്കുന്ന ഈ മാസം 27നു ശേഷമായിരിക്കും കേസെടുത്തിട്ടുള്ള മറ്റു കുട്ടികളുടെ മൊഴി എടുക്കുക.
കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസ് പകുതിയോടെയാണു കുട്ടി തെങ്ങോട് സർക്കാർ സ്കൂളിൽ പഠിക്കാനെത്തുന്നത്. അന്നു മുതൽ സഹപാഠികളായ വിദ്യാർഥിനികളുടെ ഭാഗത്തുനിന്നു ഉപദ്രവമുണ്ടാകുന്നുണ്ടെന്നു കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇരിക്കുമ്പോൾ ഡെസ്ക് കൊണ്ട് പുറകിൽ ഇടിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് കുട്ടി നേരിടേണ്ടി വന്നിരുന്നത്.