തൊടുപുഴ∙ വാഗമണിനു സമീപം വയോധികന്റെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. രണ്ടു ദിവസം മുൻപാണ് കൊച്ചുകരുന്തരുവി സ്വദേശിയായ തങ്കപ്പനെ (70) പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായയുടെ ആക്രമണത്തിൽ ജനനേന്ദ്രിയം മുറിഞ്ഞെന്നായിരുന്നു ഒപ്പമുണ്ടായിരുന്നവർ ആദ്യം അറിയിച്ചത്. എന്നാൽ ആയുധം കൊണ്ട് മുറിവേറ്റതാണെന്നും സൂചനയുണ്ട്.
അതിനിടെ പരുക്ക് ഗുരുതരമായ വയോധികനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തങ്കപ്പൻ അബോധാവസ്ഥയിൽ തുടരുന്നതിനാൽ കേസ് അന്വേഷിക്കുന്ന വാഗമൺ പൊലീസിനു ഇതുവരെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി വാഗമൺ പൊലീസ് അറിയിച്ചു.
തങ്കപ്പന് പരുക്കു പറ്റിയത് എങ്ങനെയന്നു വ്യക്തതയില്ലാത്തതിനാൽ ഫൊറൻസിക് സംഘം കൊച്ചുകരുന്തരുവിയിലെ തങ്കപ്പന്റെ വീട് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്തു ബന്ധുക്കൾ വീട്ടിൽ ഉണ്ടായിരുന്നതായാണ് സൂചന.