വടകര: വടകര നഗരത്തിൽ ലഹരിമാഫിയയുടെ പ്രവർത്തനം അതിരൂക്ഷമാകുന്നു. എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്നുകൾ യുവാക്കളെ ഉന്മാദത്തിലേക്ക് നയിക്കുന്നതെന്തും ഇന്ന് നഗരത്തിൽ സുഗമമായി ലഭ്യമാകുന്നു. കഴിഞ്ഞ ദിവസം രണ്ട് യുവാക്കളെ എം.ഡി.എം.എയുമായി നഗരത്തിൽ നിന്നും പിടികൂടുകയുണ്ടായി.
ചെറിയ അളവാണ് ഇവരിൽ നിന്നും കണ്ടെടുത്തതെങ്കിലും വൻ സംഘങ്ങൾ കാണാമറയത്തുണ്ട്. സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി സംഘങ്ങളെ പിടികൂടുന്നതിൽ പൊലീസും എക്സൈസും പരാജയപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. പരിശോധന കർശനമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമാകുന്നുണ്ട്. പരിശോധനകൾ വഴിപാടാവുന്ന സാഹചര്യത്തിലാണ് താഴെ അങ്ങാടിയിൽ ലഹരി മാഫിയകൾക്കെതിരെ ജനകീയ കൂട്ടായ്മ ഒരുക്കേണ്ട സാഹചര്യം നാട്ടുകാർക്കുണ്ടായത്. ഇതിന്റെ പ്രവർത്തനം സജീവമായി മുന്നോട്ടുപോകുന്നുണ്ട്. നേരത്തെ നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ച ലഹരി സംഘത്തിലെ ആൾ പിടിയിലായതോടെ ഇവയെല്ലാം ഉൾവലിഞ്ഞിരുന്നു.
എന്നാൽ, നിലവിൽ ടൗണിൽ വീണ്ടും ലഹരി സംഘങ്ങൾ തലപൊക്കിയിട്ടുണ്ട്. വടകരയിൽ എൻ.ഡി.പി.എസ് കോടതി നിലവിലുള്ളതിനാൽ ജില്ലക്ക് പുറത്ത് നിന്നുള്ള കൊടും ക്രിമിനലുകൾ വരെ കോടതിയിൽ വന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സംഘങ്ങൾ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പുതിയ മാർക്കറ്റ് തുറക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.
ബംഗളൂരു വഴിയും ഇതര സംസ്ഥാനക്കാരിലൂടെയുമാണ് പ്രധാനമായും സിന്തറ്റിക് മയക്കുമരുന്നുകൾ ടൗണിലെത്തുന്നത്. പ്രത്യേക കോഡുകളിലൂടെ സമൂഹമാധ്യമങ്ങൾ വഴി ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുന്നതിനാൽ ലഹരി വിതരണ സംഘങ്ങളെ പിടികൂടുക അത്ര എളുപ്പവുമല്ല. ജനകീയ കൂട്ടായ്മയിലൂടെ ലഹരിക്കെതിരെ പ്രതിരോധം തീർത്താൽ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ കഴിയുമെന്നാണ് താഴെ അങ്ങാടിയിലെ കൂട്ടായ്മ നൽകുന്ന സന്ദേശം. ഇവരുടെ ഇടപെടലിലൂടെ രണ്ട് യുവാക്കളെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞിരുന്നു.