നിക്ഷേപ സമാഹരണവുമായി കരുവന്നൂർ സഹകരണ ബാങ്ക്. ആയിരം പേരിൽ നിന്നായി ഒരു കോടി രൂപ സമാഹരിക്കാനുള്ള നിക്ഷേപ സമാഹരണത്തിന് തുടക്കമായി. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കൾ ലേലം ചെയ്യുന്ന നടപടിയും ഊർജ്ജതമാക്കി. ബാങ്കിനെ തിരിച്ചു വരവിൻ്റെ പാതയിൽ എത്തിക്കാനുള്ള നീക്കമെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വ്യക്തമാക്കി.
വായ്പ തിരിച്ചടവിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിന് ഒരു മാസം മൂന്നരക്കോടിയോളം രൂപയുടെ വരുമാനം ഉണ്ട്. എന്നാൽ നിക്ഷേപകർ പണം പിൻവലിക്കുന്നതിനാൽ ബാങ്കിൻറെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആയിരം പേരെ കണ്ടെത്തി നിക്ഷേപം സ്വീകരിക്കുന്നതിനോടൊപ്പം കൂടുതൽ പേരുടെ വിശ്വാസ്യത ആർജ്ജിക്കുക എന്നത് കൂടിയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുവിന്റെ ലേല നടപടികളും ബാങ്ക് ഊർജിതമാക്കിയിട്ടുണ്ട്. മൂന്നു കോടി 58 ലക്ഷം രൂപയുടെ വസ്തു ലേലം ചെയ്യുന്നതിനുള്ള നടപടികൾ ബാങ്ക് ആരംഭിച്ചു. കൂടുതൽ തുക ബാങ്കിലേക്ക് എത്തിക്കുന്നതിലൂടെ ബാങ്കിൻറെ പ്രവർത്തനം പഴയ രീതിയിലേക്ക് കൊണ്ടുവരാൻ കഴിയും എന്ന് പ്രതീക്ഷയിലാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി.