വണ്ടാഴി: വണ്ടാഴി സ്വദേശി കൃഷ്ണകുമാർ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ചത് 12 എം എം ബോർ വലിപ്പത്തിലുള്ള തോക്ക്.
വ്യാജമായി തോക്ക് നിർമിച്ച് നൽകുന്നവരിൽ നിന്നോ മറ്റോ സംഘടിപ്പിച്ചതാകാമെന്നാണ് സൂചന. 2.5 എം എം തിര ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള തോക്ക് കോയമ്പത്തൂരിൽ നിന്നോ ബംഗളൂരുവിൽ നിന്നോ സംഘടിപ്പിച്ചതാകാമെന്ന് കരുതുന്നു.
സാധാരണ തോക്കിനേക്കാൾ നീളം കുറവാണിതിന്. മടക്കി ചെറിയ ബാഗിനുള്ളിലാക്കി കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ രൂപം മാറ്റിയതാണിതെന്നും ഭാര്യക്ക് കോയമ്പത്തൂരിൽ ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകമെന്നും കോയമ്പത്തൂർ പൊലീസ് പറഞ്ഞു.
സാധാരണ വെള്ളിയാഴ്ച കോയമ്പത്തൂരിൽ പോയി ഭാര്യയെയും മക്കളെയും കണ്ട ശേഷം തിങ്കളാഴ്ചയാണ് കൃഷ്ണകുമാർ മടങ്ങാറുള്ളത്.
അടുത്തിടെയായി ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോയിരുന്നില്ല. മൊബൈൽ ഫോൺ പരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂവെന്ന് പൊലീസ് പറഞ്ഞു.