ജാജ്പൂർ: മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തി വീടിന് പുറകിൽ കുഴിച്ചിട്ട യുവതി പിടിയിൽ. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്.
ഫെബ്രുവരി 27 ന് രാത്രി മരത്തടികൊണ്ട് അടിച്ചാണ് ഭര്‍ത്താവായ ബാബുലി മുണ്ഡ (36) യെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ദുമാരി മുണ്ഡ (30) പൊലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏഴ് വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ബാലസോര്‍ ജില്ലാ സ്വദേശിയായിരുന്നു ബാബുലി. ദുമാരിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. ബാബുലി മദ്യപിച്ച് ദുമാരിയെ പതിവായി ആക്രമിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ദുമാരിയുടെ മാതാപിതാക്കള്‍ മാര്‍ക്കറ്റില്‍ പോയ സമയത്താണ് കൊലപാതകം നടക്കുന്നത്. രാത്രിയിൽ, കുടുംബ പ്രശ്നത്തെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കമുണ്ടാവുകയും മദ്യലഹരിയിലായിരുന്ന ബാബുലി ദുമാരിയെ ആക്രമിക്കുകയും ചെയ്തിരുന്നു. പ്രകോപിതനായ ദുമാരി മരകഷ്ണം എടുത്ത് ഭർത്താവിന്റെ തലയിൽ അടിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരിച്ചെത്തിയ ശേഷം ദുമാരി ഇവരെ വിവരമറിയിക്കുകയും തുടർന്ന് മൂന്നുപേരും ചേർന്ന് മൃതദേഹം മൃതദേഹം വീടിന്റെ പിൻവശം കുഴിച്ചിട്ടു.
കൊലപാതക വിവരം അറിഞ്ഞ നാട്ടുകാര്‍ ദുമാരിയോട് പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും തുടര്‍ന്ന് ദുമാരി സ്റ്റേഷനിലെത്തി വിവരം പൊലീസിനോട് തുറന്ന് പറഞ്ഞ് കീഴടങ്ങി.
പൊലീസ് ബാബുലിയുടെ മൃതദേഹം പുറത്തെടുത്ത് പേസ്റ്റ് മോര്‍ട്ടത്തിനയച്ചു. പ്രതി തനിച്ചാണ് കൃത്യം നിര്‍വഹിച്ചതെന്ന് മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.