അഫാന്‍റേത് അസാധാരണ പെരുമാറ്റം; മാനസിക നില പരിശോധനയ്ക്കായി വിദഗ്ധരുടെ പാനൽ തയ്യാറാക്കി

news image
Mar 5, 2025, 3:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍റെ മാനസിക നില പരിശോധനക്കായി പൊലീസ് മാനസികാരോഗ്യ വിദഗ്ദരുടെ പാനൽ തയ്യാറാക്കി. കോടതിയുടെ അനുമതിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരിക്കും മാനസികാരോഗ്യ പരിശോധന നടത്തുക. അമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിൽ  അഫാനെ കസറ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ ഹര്‍ജി നാളെ കോടതി പരിഗണിക്കും. കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പൊലീസ് നൽകി. പാങ്ങോട് പൊലീസാണ് കസ്റ്റഡി അപേക്ഷ നൽകിയത്.

23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നാണ് പൊലീസിന്‍റെയും ഡോക്ടര്‍മാരുടെയും വിലയിരുത്തൽ. കൂട്ടക്കൊലപാതകങ്ങള്‍ക്കിടയിൽ പുറത്തിറങ്ങുമ്പോഴേല്ലാം സാധാരണ മനുഷ്യരെപോലെയായിരുന്നു അഫാന്‍റെ പെരുമാറ്റം. ഈ സാഹചര്യത്തിലാണ് അഫാന്‍റെ മാനസിക നില പരിശോധിക്കാന് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചത്.

ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ പാനൽ തയ്യാറാക്കിയിട്ടുണ്ട്.  പരിശോധനക്കും നിരീക്ഷണത്തിനുമായി അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടെ ഇതിനായി നടപടികള്‍ സ്വീകരിക്കും. അമ്മൂമ്മ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെ കസറ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. മൂന്ന് ദിവസത്തേക്കാണ് ഈ കേസിൽ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുള്ളത്.

പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലാണ് ഇപ്പോള്‍ അഫാനുള്ളത് . അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേതുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe