വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്ന നടപടികൾ യുഎസ് നിർത്തിവച്ചതായി വിവരം. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ഉയർന്ന ചെലവാണ് നടപടികളിൽനിന്നു പിന്മാറാനുള്ള കാരണം. കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്കു നീട്ടാനോ സാധ്യതയുണ്ടെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ആരംഭിച്ചത്. കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും എന്നതിന്റെ മുന്നറിയിപ്പായി സൈനിക വിമാനങ്ങളിലായിരുന്നു ഇവരെ തിരിച്ചയച്ചിരുന്നത്.
ഫെബ്രുവരിയിലാണ് കുടിയേറ്റക്കാരുടെ ആദ്യസംഘത്തെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നത്. യുഎസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആളുകളെ യുഎസ് എത്തിച്ചിരുന്നത്. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിൽ പാർലമെന്റിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു.