അപേക്ഷകൾ നിരന്തരം നിരസിക്കപ്പെടുന്നതിനാൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും തൊഴിലാളികൾക്ക് പണം പിൻവലിക്കുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. 2024ൽ പുറപ്പെടുവിച്ച ഇപിഎഫ് വാർഷിക റിപ്പോർട്ടിൽ പണം പിൻവലിക്കാനുള്ള മൂന്നിലൊന്ന് അപേക്ഷകളും 2023ൽ നിരസിക്കപ്പെട്ടതായാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ പണം പിൻവലിക്കുന്നത് എളുപ്പത്തിലാക്കാനും വേഗത്തിലാക്കാനും വേണ്ടി യുപിഐ അടിസ്ഥാനമാക്കിയുള്ള ഇപിഎഫ് പിൻവലിക്കൽ ആസൂത്രണം ചെയ്യുകയാണ് കേന്ദ്രസർക്കാർ.
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ഇപിഎഫിൽ നിന്നും തൊഴിലാളികൾക്ക് പണം പിൻവലിക്കാൻ ആകുന്ന സൗകര്യം ഉടനെ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇപിഎഫ്ഒയും തമ്മിൽ ചർച്ചകൾ നടക്കുകയാണ്. ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ ഈ പദ്ധതി നടപ്പിലാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇപിഎഫ് 3.0 എന്നാൽ ഈ പദ്ധതിയിലൂടെ എടിഎമ്മുകൾ വഴിയും പണം പിൻവലിക്കാനാകും. അതേസമയം യുപിഐ വഴിയുള്ള പണം പിൻവലിക്കൽ തൊഴിലാളികൾക്ക് വലിയ നേട്ടമാകും. നിലവിൽ 23 ദിവസം വേണ്ടിവരുന്ന പണം പിൻവലിക്കൽ മിനിറ്റുകൾക്കുള്ളിൽ ലഭ്യമാകും. നടപടികൾ കൂടുതൽ എളുപ്പത്തിലും സുതാര്യവും ആക്കി മാറ്റും. ഇതിനെല്ലാം പുറമേ ഒരു സാധാരണ ബാങ്ക് അക്കൗണ്ടിൽ നിന്ന് എന്നപോലെ തൊഴിലാളികൾക്ക് ഇപിഎഫ്ഒ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും സാധിക്കും.