കൊച്ചി: സീസണിലെ അവസാന ഹോം മത്സരത്തിൽ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ‌്. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയിൽ ജയത്തോടെ അവസാനിപ്പിക്കാനായി സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ്റെ എട്ടാം ജയമാണിത്. 28 പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് ടീം.
52-ാം മിനിറ്റിൽ അസാധ്യമായ ഒരു ആംഗിളിൽ നിന്ന് ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.
തോൽവിയോടെ മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന മത്സരംവരെ കാക്കണം. അവസാന മത്സരത്തിൽ ഒരു പോയൻ്റ് നേടാനായാൽ അവർക്ക് പ്ലേ ഓഫിലെത്താം. 23 മത്സരങ്ങളിൽ നിന്ന് 33 പോയൻ്റുള്ള മുംബൈ നിലവിൽ ഏഴാം സ്ഥാനത്താണ്. അതേസമയം, അവസാന മത്സരത്തിലും തോറ്റാൽ മുംബൈയെ മറികടന്ന് ഒഡിഷ എഫ്.സി പ്ലേ ഓഫിലെത്തും.
മാർച്ച് 12-ാം തീയതി ഹൈദരാബാദ് എഫ്.സിക്കെതിരേ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സിൻ്റെ അവസാന മത്സരം.