കളമശേരിയിൽ വൻ തീപിടിത്തം , അണയ്ക്കാൻ ശ്രമം തുടരുന്നു

news image
Mar 8, 2025, 6:37 am GMT+0000 payyolionline.in

കൊച്ചി ∙ കളമശേരിയിൽ വൻ തീപിടിത്തം. സീപോര്‍ട്ട് എയർപോർട്ട് റോഡിൽ പള്ളിലാങ്കര എൽപി സ്കൂളിനു സമീപമുള്ള കിടക്ക നിർമാണ കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്. ഏലൂർ, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിച്ചതോടെ സമീപത്തുണ്ടായ വൈദ്യുതി ലൈൻ പൊട്ടിവീണതും അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു. സമീപത്തെ കുടിവെള്ള ബോട്ട്‍ലിങ് പ്ലാന്റിലേക്കും തീ പടർന്നു. തീപിടിത്തത്തിൽ 2 വാഹനങ്ങളും കത്തിനശിച്ചു.

ഇന്ന് രാവിലെ പത്തേകാലോടെയാണ് തീ ആളിപ്പടർന്നത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. തകര ഷീറ്റ് കൊണ്ട് മേഞ്ഞ ഗോ‍ഡൗൺ ആയതിനാൽ തീ വേഗത്തിൽ‍ പടർന്നു. കിടക്ക നിർമാണത്തിനുള്ള സാധന സാമഗ്രികളായിരുന്നു ഉള്ളിലുണ്ടായിരുന്നത് എന്നതും തീപിടിത്തത്തിന്റെ ആഘാതം കൂട്ടി. ഇതിനു പിന്നാലെയാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. എന്നാൽ ഹൈടെ‍ൻഷൻ വൈദ്യുതി ലൈൻ പൊട്ടി വീണതാണ് തീപിടിത്തത്തിന് കാരണമായതെന്ന വാദവുമുണ്ട്.

ജനവാസ മേഖലയായതിനാൽ സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമായിരുന്നു ഫയർഫോഴ്സ് തുടക്കം മുതൽ ശ്രമിച്ചത്. ഫയർഫോഴ്സിന്റെ കൂടുതൽ യൂണിറ്റുകൾ ഇവിടേക്ക് എത്തിയിട്ടുണ്ട്. ഗോഡ‍ൗണിന്റെ സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. അപകട സമയത്ത് ഇവിടെ തൊഴിലാളികൾ ഇല്ലായിരുന്നു എന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe