വിലക്കുറവിൽ ഒരു യൂട്യൂബ് സബ്‍സ്ക്രിപ്ഷൻ; ‘പ്രീമിയം ലൈറ്റ്’ അവതരിപ്പിച്ച് യൂട്യൂബ്

news image
Mar 8, 2025, 10:35 am GMT+0000 payyolionline.in

വാഷിംഗ്‌ടണ്‍: ഉപയോക്താക്കൾക്കായി മികച്ചതും വിലക്കുറവുള്ളതുമായ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ‘യൂട്യൂബ് പ്രീമിയം ലൈറ്റ്’ എന്ന ഈ പ്ലാനിന്‍റെ വില യൂട്യൂബ് പ്രീമിയം പ്ലാനിന്‍റെ പകുതിയോളം മാത്രമേയുള്ളൂ. ഈ പ്ലാന്‍ നിലവിൽ യുഎസിൽ ആണ് ആരംഭിച്ചത്. വരും ആഴ്ചകളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ യൂട്യൂബ് പദ്ധതിയിടുന്നു.

പരസ്യരഹിത വീഡിയോ സ്ട്രീമിംഗ് മാത്രം ആഗ്രഹിക്കുന്ന, എന്നാൽ സ്റ്റാൻഡേർഡ് യൂട്യൂബ് പ്രീമിയത്തിന്‍റെ മുഴുവൻ വിലയായ 13.99 ഡോളർ (1,200 രൂപ) നൽകാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്കുള്ളതാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ. യുഎസിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 695 രൂപ) നിരക്കിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് ലോഞ്ച് ചെയ്തത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് കീഴിൽ, ഉപയോക്താക്കൾക്ക് സംഗീത ഉള്ളടക്കം, ഷോർട്ട്സ് എന്നിവയുൾപ്പെടെ മിക്ക വീഡിയോകളും പരസ്യരഹിതമായി ലഭിക്കും.

 

വരും ആഴ്ചകളിൽ  തായ്‌ലൻഡ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക്  പുതിയ യൂട്യൂബ് പ്രീമിയം ലൈറ്റ് ലഭ്യമാകും. തുടർന്ന് ഈ വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് യൂട്യൂബ് പ്രീമിയം ലൈറ്റ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോൾ പുറത്തിറങ്ങുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

പരസ്യങ്ങളില്ലാതെ യൂട്യൂബിൽ വീഡിയോകൾ കാണാനുള്ള ഏറ്റവും താങ്ങാനാവുന്ന മാർഗമായിരിക്കും യൂട്യൂബ് പ്രീമിയം ലൈറ്റ്. എങ്കിലും ചില പരിമിതികളോടെയാണ് ഇത് വരുന്നത്. ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനിൽ യൂട്യൂബ് മ്യൂസിക്ക് ബണ്ടിൽ ചെയ്തിട്ടില്ല. അതായത് യൂട്യൂബ് പ്രീമിയം ലൈറ്റ് വാങ്ങുന്നവർക്ക് പരസ്യരഹിതമായി സംഗീതം സ്ട്രീം ചെയ്യാൻ കഴിയില്ല. മറ്റൊരു പരിമിതി ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനിൽ ബാക്ക് ഗ്രൌണ്ട് പ്ലേ പിന്തുണയ്‌ക്കുന്നില്ല എന്നതാണ്, അതിനാൽ വീഡിയോകൾ കാണുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ നിങ്ങളുടെ സ്‌ക്രീൻ ലോക്ക് ചെയ്യാനോ യൂട്യൂബ് ആപ്പ് അടയ്ക്കാനോ നിങ്ങൾക്ക് കഴിയില്ല. മാത്രമല്ല, ഓഫ്‌ലൈൻ ഉപയോഗത്തിനായി ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നതും പ്രീമിയം ലൈറ്റ് പിന്തുണയ്ക്കുന്നില്ല. ഈ പുതിയ പ്ലാൻ മിക്ക വീഡിയോകളിലും പരസ്യരഹിത അനുഭവം നൽകുമെങ്കിലും മ്യൂസിക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും സെർച്ച് ബ്രൗസിംഗിലും പരസ്യങ്ങൾ ദൃശ്യമായേക്കാം എന്നും യൂട്യൂബ് പറയുന്നു.

യുഎസിൽ നിലവിലെ യൂട്യൂബ് പ്രീമിയത്തിന് പ്രതിമാസം 13.99 ഡോളർ (ഏകദേശം 1,218 രൂപ) ആണ് ചെലവ്. ഇത് ലൈറ്റ് പ്ലാനിന്‍റെ ഇരട്ടി വിലയാണ്. പക്ഷേ യൂട്യൂബ് പ്രീമിയത്തിൽ പരസ്യരഹിത വീഡിയോകൾ, ഡൗൺലോഡുകൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അതേസമയം ഇന്ത്യൻ സബ്‌സ്‌ക്രൈബർമാർക്ക്, യൂട്യൂബ് പ്രീമിയം നിലവിൽ പ്രതിമാസം 149 എന്ന പ്രാരംഭ വിലയിൽ ലഭ്യമാണ്. കൂടാതെ മറ്റ് നിരവധി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe