ലഹരി കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരം; എംഡിഎംഎ കച്ചവടത്തിന് പ്രതി ഉപയോഗിക്കുന്നത് 10 വയസുള്ള സ്വന്തം മകനെ

news image
Mar 8, 2025, 12:45 pm GMT+0000 payyolionline.in

പത്തനംതിട്ട: തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ലഹരി കച്ചവടത്തിനായി പ്രതി സ്വന്തം മകനെയാണ് കാരിയറായി ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി.തിരുവല്ലയിൽ മൂന്നര ഗ്രാം എംഡിഎംഎയുമായി തിരുവല്ല സ്വദേശിയായ 39കാരനാണ് ആണ് പിടിയിലായത്. ഇയാൾ പത്തു വയസുകാരനായ സ്വന്തം മകനെ ഉപയോഗിച്ചാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പത്തു വയസുകാരനായ മകന്‍റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധരണ നിലയില്‍ ആര്‍ക്കും സംശയം തോന്നത്ത രീതിയിൽ ആവശ്യക്കാരിലേക്ക് എംഡിഎംഎയടക്കമുള്ള രാസലഹരിയെത്തിക്കും.

ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്‍പി എസ് അഷാദ് പറഞ്ഞു.

കോളേജ് വിദ്യാർത്ഥികളെ കച്ചവടത്തിന്‍റെ ഏജന്‍റുമാരാക്കി മാറ്റിയെന്നും കണ്ടെത്തി.ലഹരി വസ്തുക്കള്‍ കൂടുതല്‍ അളവില്‍ ഇയാള്‍ ഒളിപ്പിച്ചതായി സംശയുണ്ട്. കർണാടകത്തിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.  ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും ഡിവൈഎസ്‍പി പറഞ്ഞു. കുട്ടിയെ ഉപയോഗിച്ച് ലഹരി കച്ചവടം നടത്തിയതിനാൽ പ്രതിയുടെ പേരുവിവരങ്ങളടക്കം പുറത്തുവിടുന്നത് നിയമപരമായി കഴിയില്ലെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe