ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ പതിനെട്ടുകാരി മരിച്ച സംഭവം ഇന്നലെ പുറത്തുവന്നിരുന്നു. മെരുവമ്പായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വണ്ണം കൂടുമെന്ന ചിന്തയിൽ ശ്രീനന്ദ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നത്.
ഗുരുതരമായ ഈറ്റിങ് ഡിസോർഡറും മാനസികാരോഗ്യ പ്രശ്നവുമാണ് അനോക്സിയ നെർവോസയെന്ന് ഡോ ഗായത്രി രാജൻ പറഞ്ഞു. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണം കഴിച്ചാൽ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ഗുരുതരമാകും.
സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവും. വണ്ണം വെയ്ക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. വണ്ണം തീരെ കുറവാണെങ്കിലും വണ്ണം വെയ്ക്കുമോ എന്ന തോന്നലുണ്ടാകും. പ്രായലിംഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാം. ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയാണ് അനോറെക്സിയ നെർവോസയിലേക്ക് നയിക്കുന്നത്.
അനോറെക്സിയ ഉണ്ടെന്ന സംശയം തോന്നിയാലുടൻ വിദഗ്ധ ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.