മലപ്പുറം: കരുവാരക്കുണ്ടിൽ ജനവാസമേഖലയിൽ കടുവയിറങ്ങിയത് പരിഭ്രാന്തി പരത്തി. കേരള എസ്റ്റേറ്റിലെ കുനിയൻമാട്ടിലാണ് സി വൺ ഡിവിഷനിലെ തൊഴിലാളികൾ തിങ്കളാഴ്ച രാവിലെ കടുവയെ കണ്ടത്.
എസ്റ്റേറ്റ് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് പത്ത് മണിയോടെ നിലമ്പൂരിൽ നിന്നെത്തിയ ആർ.ആർ.ടി സംഘം നാട്ടുകാരോടൊപ്പം പരിശോധന നടത്തി. ഇവർക്ക് മുന്നിലൂടെ കടുവ ഓടിപ്പോയി. മേഖലയിൽ കൂടുതൽ പ്രദേശങ്ങളിൽ പരിശോധന നടത്തുകയാണ്. സംസ്ഥാന പാതയോരത്തെ കേരള ജി.യു.പി സ്കൂൾ, ചിനിപ്പാടം, കൽവെട്ടിക്കുരൽ നജാത്ത് സയൻസ് കോളജ്, അടിവാരം എന്നീ ജനവാസമേഖലയിലാണ് കുനിയൻമാട്.
കാട്ടുപന്നികൾ കൂടുതലായി കണ്ടുവരുന്ന മേഖല കൂടിയാണിത്. വനംവകുപ്പ് സംഘം നിരീക്ഷണം നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി.