കൊല്ലം: ലേണേഴ്സ് ലൈസൻസ് സ്വന്തമാക്കിയവർക്ക് ഡ്രൈവിങ് സംബന്ധിച്ച നിയമപരവും ശാസ്ത്രീയവുമായ അറിവ് നേടാൻ ആദ്യ പ്രത്യേക പരിശീലനകേന്ദ്രം ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് മുമ്പ് വാഹനം നിരത്തിലിറക്കുന്നവർ അറിഞ്ഞിരിക്കേണ്ട റോഡ് സുരക്ഷനിർദേശങ്ങളും നിയമപരവും സാമൂഹികവുമായ വിവരങ്ങളും സ്വായത്തമാക്കാനുള്ള ക്ലാസാണ് പുതിയ കേന്ദ്രത്തിൽ നടക്കുന്നത്. ജില്ലയിൽ ആദ്യമായി കൊല്ലം ആർ.ടി. ഓഫിസും ‘ട്രാക്ക്’ സൊസൈറ്റിയും ചേർന്നാണ് ലൈസൻസ് എടുക്കുന്നവർക്കുള്ള പരിശീലന കേന്ദ്രം ആരംഭിച്ചത്. കൊല്ലം ബീച്ച് റോഡിലുള്ള ‘ട്രാക്ക്’ ഓഫിസിൽ ഒരുക്കിയ കേന്ദ്രം കൊല്ലം ആർ.ടി.ഒ എൻ.സി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിന്റെ അംഗീകൃത പഠനകേന്ദ്രവും ഈ മാസം തന്നെ ട്രാക്കിൽ ആരംഭിക്കും. ഇതോടെ, ഗുരുതര അപകടങ്ങളുണ്ടാക്കിയും മദ്യപിച്ച് വാഹനമോടിച്ചുമുള്ള കേസുകളിൽ ഉൾപ്പെട്ട് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുന്നവർക്ക് കറക്ടീവ് ക്ലാസിന് ഇനി മലപ്പുറം എടപ്പാൾ വരെ പോകാതെ ഈ കേന്ദ്രത്തിൽ പരിശീലനം നടത്താനാകും.
എഴുത്തുപരീക്ഷ പാസായി ലേണേഴ്സ് ലൈസൻസ് നേടുന്നവർക്ക് നിലവിൽ റോഡ് സുരക്ഷയും പ്രാഥമിക ശുശ്രൂഷയും സംബന്ധിച്ച വിശദ പരിശീലനം ലഭിക്കാത്ത സ്ഥിതിയാണ്.
വർഷങ്ങൾക്ക് മുമ്പ് സർക്കാർ ധനസഹായത്തിൽ ആർ.ടി ഓഫിസുകൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്തിയിരുന്നെങ്കിലും ക്രമേണ നിലക്കുകയായിരുന്നു. ഫലപ്രദമായ രീതിയിലുള്ള ക്ലാസിന്റെ അഭാവം റോഡിൽ നിഴലിക്കുന്നത് ഗുരുതര സ്ഥിതിയിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശം അനുസരിച്ചാണ് പരിശീലന കേന്ദ്രം ജില്ലയിൽ ആരംഭിച്ചത്.
നിലവിൽ ഡ്രൈവിങ് സുരക്ഷ സംബന്ധിച്ച ക്ലാസുകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് കണക്കിലെടുത്താണ് ട്രാക്കിന് കേന്ദ്രം കൈകാര്യം ചെയ്യാനുള്ള ചുമതല നൽകിയത്. സിലബസ്, ഫാക്കൽറ്റി ഉൾപ്പെടെ ക്ലാസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും വിരമിച്ചവരും നിലവിലുള്ളവരുമായ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ‘ട്രാക്ക്’ ആണ് കൈകാര്യം ചെയ്യുന്നത്. റോഡ് സുരക്ഷ, റോഡ് സുരക്ഷ നിയമങ്ങൾ, റെഗുലേഷനുകൾ, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സമഗ്രമായ മൂന്ന് മണിക്കൂർ നീണ്ട ക്ലാസ് ആണ് ലേണേഴ്സ് എടുക്കുന്നവർക്ക് ലഭിക്കുന്നത്.
വാഹനത്തിന്റെ ഭാഗങ്ങൾ സംബന്ധിച്ച് മനസിലാക്കാൻ ഡെമോൺട്രേഷൻ ഹാളും ഒരുക്കിയിട്ടുണ്ട്. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കൊല്ലം ആർ.ടി.ഒക്ക് കീഴിൽ ലേണേഴ്സ് ടെസ്റ്റ് പാസാകുന്നവർക്ക് അന്നേ ദിവസം തന്നെ രാവിലെ 10 മുതൽ ക്ലാസിൽ പങ്കെടുക്കാം. ക്ലാസ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റിന് ഒപ്പം ലേണേഴ്സ് ലൈസൻസിൽ ഇത് രേഖപ്പെടുത്തി നൽകും. ഒരുമാസം കഴിയുന്നതോടെ ലൈസൻസ് എടുക്കുന്നതിന് ഇത് നിർബന്ധമാകും. ജില്ലയിൽ മറ്റ് സബ് ആർ.ടി.ഒകൾക്ക് കീഴിലും വൈകാതെ പരിശീലന കേന്ദ്രം ആരംഭിക്കുമെന്ന് ട്രാക്ക് വർക്കിങ് പ്രസിഡന്റും ആറ്റിങ്ങൽ ജോയിന്റ് ആർ.ടി.ഒയുമായ ശരത്ചന്ദ്രൻ വ്യക്തമാക്കി.
മാർച്ച് അവസാനത്തോടെ ഐ.ഡി.ടി.ആർ ആരംഭിക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. ലൈസൻസ് റദ്ദാക്കിയത് പുനസ്ഥാപിച്ച് കിട്ടാനുള്ള ഐ.ഡി.ടി.ആർ ക്ലാസ് അഞ്ച് ദിവസമാണ്. ഇതിന് ഐ.ഡി.ടി.ആർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് 5000 രൂപ ഫീസ് അടക്കണം. ക്ലാസ് പൂർത്തിയാക്കിയതിന്റെ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലെ ലൈസൻസ് പുനസ്ഥാപിച്ച് കിട്ടുകയുള്ളു