കടയിൽ നിന്നും പൊറോട്ട വാങ്ങുമ്പോൾ കിട്ടുന്ന ഗ്രേവിയ്ക്ക് ഉഗ്രൻ ടേസ്റ്റാണ്. ചൂട് പൊറോട്ടയുടെയും അപ്പത്തിന്റെയും കൂടെ കഴിക്കാൻ നല്ലൊരു ഗ്രേവിയാണിത്. എങ്ങനെ വീട്ടിൽ തയാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
സവാള വലുത് – 2
പച്ചമുളക് – 2
കറിവേപ്പില – ആവശ്യത്തിന്
ഓയിൽ – 5 ടേബിൾസ്പൂൺ
പട്ട (ചെറിയ കഷ്ണം), പെരുംജീരകം – അര ടീസ്പൂൺ, മഞ്ഞൾപ്പൊടി – അര ടീസ്പൂൺ, മുളകുപൊടി – 2 ടീസ്പൂൺ, വീട്ടിൽ പൊടിച്ച ഗരം മസാല – കാൽ ടീസ്പൂൺ, സാമ്പാർപ്പൊടി – അര ടീസ്പൂൺ, കുരുമുളകുപൊടി – കാൽ ടീസ്പൂൺ, പഞ്ചസാര – രണ്ട് നുള്ള്
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് പെരുംജീരകം, പട്ട എന്നിവ ചേർത്ത് മൂപ്പിയ്ക്കുക. ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, കറിവേപ്പില, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് വളരെ ചെറിയ തീയിൽ സവാള വെന്തു വരുന്നതുവരെ വേവിച്ചെടുക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
സാമ്പാർപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് ഗ്രേവിക്കു ആവശ്യത്തിനുള്ള ചൂട് വെള്ളമോ ബീഫ്/ചിക്കൻ വേവിച്ച വെള്ളമോ ചേർത്ത് അടച്ചു വച്ച് എണ്ണ തെളിയുന്നതുവരെ വേവിച്ചെടുക്കണം. ശേഷം ഗരം മസാലയും സർവ സുഗന്ധിയും ചേർത്ത് വാങ്ങി വയ്ക്കുക. മുട്ടക്കറി വേണ്ടവർക്ക് ഈ ഗ്രേവിയിലേക്കു പുഴുങ്ങിയ മുട്ട ചേർക്കാം.