കോഴിക്കോട് കുണ്ടായിത്തോട് മകൻ അച്ഛനെ ​കൊലപ്പെടുത്തിയത് ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച്; നരഹത്യക്ക് കേസ്

news image
Mar 13, 2025, 3:18 am GMT+0000 payyolionline.in

ഫറോക്ക് (കോഴിക്കോട്): തനിക്കെതിരെ പിതാവ് ദുഷ്പ്രചാരണം നടത്തുന്നുവെന്ന ആരോപണമാണ് കുണ്ടായിത്തോട് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം കോളനിയിൽ താമസിക്കുന്ന വളയന്നൂർ ഗിരീഷ് ആണ് (49) മകൻ സനലി(22)ന്റെ മർദനമേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചത്. സംഭവത്തിൽ സനലിനെതിരെ നല്ലളം പൊലീസ് നരഹത്യക്ക് കേസെടുത്തു.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കേസിനാസ്പദമായ സംഭവം. സനലിനെ ബന്ധപ്പെടുത്തി ഗിരീഷ് ദുഷ് പ്രചാരണം നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സനലും മാതാവ് പ്രസീതയും ഗിരീഷിൽനിന്ന് മാറി മാതൃവീട്ടിലായിരുന്നു താമസം. സംഭവദിവസം ഫോൺ വഴി നടന്ന വാക്കുതർക്കത്തെ തുടർന്ന് രാത്രി വീട്ടിലെത്തിയ സനൽ, ഗിരീഷിനെ മർദിക്കുകയായിരുന്നു. സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയതെന്നാണു വിവരം.

ഗുരുതര പരിക്കേറ്റ ഗിരീഷിനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപ​ത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരിച്ചു. നേരത്തേ മർദനവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ സഹോദരിയുടെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തിരുന്നു. കൂലിപ്പണിക്കാരനായിരുന്നു ഗിരീഷ്. ഗിരീഷിന്റെ ഒരു സഹോദരിയുടെ ഭർത്താവ് മരിച്ചതാണ്. മറ്റൊരു സഹോദരി ഭർത്താവുമായി അകന്നു കഴിയുകയാണ്. ഇതോടെയാണ് രണ്ടു സഹോദരിമാരും ഗിരീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്.

സനലും പ്രസീതയും ബേപ്പൂരിലേക്കു താമസം മാറിയിട്ട് 2 വർഷത്തോളമായി. ഗിരീഷ് -പ്രസീത ദമ്പതികളുടെ മകൾ സോനയെ എടവണ്ണപ്പാറയിലേക്കാണു വിവാഹം കഴിച്ചയച്ചത്. സോനയുടെ ഭർത്താവിനെ 2 മാസത്തോളമായി കാണാനില്ല. ഇയാൾക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്.

ഗിരീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച സംസ്കരിക്കും. നല്ലളം ഇൻസ്പെക്ടർ പി. സുമിത്ത് കുമാറിനാണ് അന്വേഷണ ചുമതല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe