ന്യൂഡൽഹി: ഹോളി ജീവിതത്തിൽ പുതിയ ഉത്സാഹവും ഊർജവും കൊണ്ടുവരികയും ദേശീയ ഐക്യവും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേരുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഹോളിയുടെ പങ്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“എല്ലാവർക്കും സന്തോഷകരമായ ഹോളി ആശംസിക്കുന്നു. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസ്സുകളിൽ നിറയ്ക്കട്ടെ” -അദ്ദേഹം എക്സിൽ കുറിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഹോളി ആശംസകള്‍ നേര്‍ന്നു. ഹോളി ഇന്ത്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ‘നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ വേളയില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. സന്തോഷത്തിന്റെ ഈ ഉത്സവം ഐക്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നല്‍കുന്നതാണ്. ഇത് ഇന്ത്യയുടെ വിലയേറിയ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. ഈ ശുഭകരമായ അവസരത്തില്‍ ഭാരത മാതാവിന്റെ മക്കളുടെ ജീവിതത്തില്‍ തുടര്‍ച്ചയായ പുരോഗതിയുടെയും സമൃദ്ധിയുടേയും സന്തോഷത്തിന്റെയും നിറങ്ങള്‍ നിറയ്ക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രതിജ്ഞയെടുക്കാം’ -ദ്രൗപതി മുര്‍മു എക്സില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഹോളി ആശംസകള്‍ അറിയിച്ചു.