സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരണവും അപകടങ്ങളും വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ കൊടുപ്പുന്നയില്‍ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചത് ഏറെ ഭീതിപടർത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് അങ്കമാലിയിൽ 65കാരിയും മിന്നലേറ്റ് മരിച്ചിരുന്നു. ഇതുകൂടാതെ പലയിടത്തും തീപിടിത്തവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്ങനെയാണ് ജീവനെടുക്കുന്ന തരത്തിൽ ഇടിമിന്നൽ ഉണ്ടാകുന്നത്? ഇതിൽ നിന്നും രക്ഷപ്പെടാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കാം?
മേഘങ്ങള്‍ക്കിടയിലെ നെഗറ്റീവും പോസീറ്റുവുമായുള്ള കണങ്ങള്‍ തമ്മില്‍ ഉരസുമ്പോഴാണ് ഇടിമിന്നല്‍ ഉണ്ടാകുന്നതെന്നതെന്ന് പണ്ടേ പഠിച്ച കാര്യമാണ്. പക്ഷെ ഇടിമിന്നലിന്‍റെ കൃത്യമായ പാതയിലുള്ള സഞ്ചാരം മനസ്സിലാക്കാന്‍ അതിന്‍റെ ഉദ്ഭവത്തെക്കുറിച്ചു കൂടി ആഴത്തില്‍ വിശദീകരിക്കേണ്ടി വരും. മേഘങ്ങളിലുള്ള വൈരുധ്യ ചാര്‍ജുകള്‍ ഗ്രോപല്‍ എന്നു വിളിക്കുന്ന മഞ്ഞുകണങ്ങള്‍ അഥവാ ചെറിയ ആലിപ്പഴങ്ങളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ വിവിധ മേഘങ്ങളിലായി ശേഖരിക്കപ്പെടുന്ന ചാർജുകള്‍ മേഘങ്ങള്‍ക്കിടയിലോ മേഘങ്ങള്‍ക്കും ഭൂമിക്കും ഇടയിലോ ദശലക്ഷക്കണക്കിനു വോള്‍ട്ട് ശക്തിയുള്ള വൈദ്യുതിയായി രൂപപ്പെടാന്‍ ഇടയാക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന വൈദ്യുതിക്കു പുറത്തു കടക്കാനുള്ള പാതയാണ് ഇടിമിന്നലൊരുക്കുന്നത്. അനുകൂല സാഹചര്യങ്ങളില്‍ മാത്രമേ ഇതു സംഭവിക്കൂയെന്ന് മാത്രം.
ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങള്‍ കൂടിച്ചേര്‍ന്ന് നിരവധി പ്ലാസ്മകള്‍ ഇതിനിടെ രൂപപ്പെടാറുണ്ട്. മേഘങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഈ പ്ലാസ്മയെ ലൈറ്റനിങ് സീഡ് അഥവാ ഇടിമിന്നലിന്‍റെ വിത്ത് എന്നാണു വിളിക്കുന്നത്. ചൂടുപിടിച്ച ഒരു വാതകമായി മാറുന്ന പ്ലാസ്മ ഈ ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ സഹായത്തോടെ പല ദിശകളിലേക്കായി കിലോമീറ്ററുകളോളം ദൂരത്തില്‍ സഞ്ചരിക്കും. ഈ സമയത്താണ് ഒന്നിലധികം വയറുകള്‍ ചേര്‍ത്തുവച്ച പോലെ പല ദിശയിലേക്കും വ്യാപിക്കുന്ന മിന്നലുകള്‍ നമുക്ക് ദൃശ്യമാകുന്നത്. അതേസമയം ഇവയില്‍ ഓരോ മിന്നലും ഏത് ദിശയിലേക്ക് പോകണമെന്ന് തീരുമാനിക്കുന്നത് പോസിറ്റീവ് ലീഡർ അല്ലെങ്കില്‍ നെഗറ്റീവ് ലീഡർ ആണ്.
പോസിറ്റീവ് ലീഡറും നെഗറ്റീവ് ലീഡറും
പ്ലാസ്മയില്‍ നിന്ന് വിവിധ ദിശകളിലേക്കു പോകുന്ന തരംഗങ്ങളുടെ അറ്റത്തെയാണ് ലീഡേഴ്സ് എന്നു വിളിക്കുന്നത്. അറ്റത്ത് അടങ്ങിയിരിക്കുന്നത് നെഗറ്റീവ് കണങ്ങളോ പോസിറ്റീവ് കണങ്ങളോ എന്നതിനെ ആശ്രയിച്ചാണ് ആ തരംഗത്തിന്‍റെ ലീഡർ പോസിറ്റീവോ നെഗറ്റീവോ എന്നു തീരുമാനിക്കുന്നത്. ഈ പോസിറ്റീവ്, നെഗറ്റീവ് ലീഡേഴ്സിനെ അനുസരിച്ചാണ് ദിശ തീരുമനിക്കുന്നതും. മിന്നലിലുള്ളത് നെഗറ്റീവ് ലീഡറാണെങ്കില്‍ ഇതു വഴിയുണ്ടാകുന്ന മിന്നലുകള്‍ നിശ്ചിത ദിശയിലാകും ഭൂമിയില്‍ പതിക്കുക. എന്നാല്‍ പോസിറ്റീവ് ലീഡറിന് ഈ നിശ്ചിത ദിശ ബാധകമല്ല. നെഗറ്റീവ് ലീഡേഴ്സിന്‍റെ ഈ നിശ്ചിത ദിശയിലുള്ള സഞ്ചാരത്തെ സ്റ്റെപിങ് എന്നാണു വിളിക്കുന്നത്.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
∙ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
∙ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
∙ ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.