കോഴിക്കോട് ∙ വിദ്യാഭ്യാസ, പശ്ചാത്തല, ഭവന നിർമാണ പദ്ധതികൾക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. പതിവിൽ നിന്നു വ്യത്യസ്തമായി ഡിജിറ്റൽ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിയാണ് വൈസ് പ്രസിഡന്റ് പി.ഗവാസ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് പ്രസംഗവും ചർച്ചയും തത്സമയം ജില്ലാ പഞ്ചായത്തിന്റെ യു ട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്തു. പ്രസംഗം തത്സമയം വിരൽത്തുമ്പിൽ ലഭ്യമാക്കിയിരുന്നു. പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സുരേഷ് കൂടത്താംകണ്ടി, ഐ.പി.രാജേഷ്, നാസർ എസ്റ്റേറ്റ്മുക്ക്, വി.പി.ദുൽഖിഫിൽ, രാജീവ് പെരുമൺപുറ, മുക്കം മുഹമ്മദ്, പി.ടി.എം.ഷറഫുന്നീസ, ബോസ് ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
138.39 കോടി രൂപ വരവും 127.12 കോടി രൂപ ചെലവും 11.27 കോടി രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വിവിധ മേഖലകലും വകയിരുത്തിയ തുകയും: പൊതുഭരണം 2.08 കോടി, കാർഷിക മേഖല 4.09 കോടി, മൃഗ സംരക്ഷണം 2.12 കോടി, ക്ഷീര വികസനം 1.6 കോടി, മത്സ്യമേഖല 43 ലക്ഷം, വ്യവസായം, സ്വയംതൊഴിൽ 3.37 കോടി, മണ്ണ്, ജല സംരക്ഷണം, ജലസേചനം 7.11 കോടി, വിദ്യാഭ്യാസ മേഖല 17.69 കോടി, കല,സംസ്കാരം, യുവജന ക്ഷേമം, സ്പോർട്സ് 3.73 കോടി, ആരോഗ്യം 7 കോടി, കുടിവെള്ളം, ശുചിത്വം 8.82 കോടി, ഭവന നിർമാണം 13.27 കോടി, വയോജന ക്ഷേമം 1.75 കോടി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ 3.5 കോടി, വനിതാ ശിശു ക്ഷേമം 5.42 കോടി, പട്ടികജാതി വികസനം 16.03 കോടി, പട്ടിക വർഗ വികസനം 1.1 കോടി, ടൂറിസം 45 ലക്ഷം.
പ്രധാന പ്രഖ്യാപനങ്ങൾ
∙ ലഹരിക്കെതിരെ ജില്ലയിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തിയുള്ള ജനകീയ ക്യാംപെയ്‌നിനു ജില്ലാ പഞ്ചായത്ത് മുൻകൈ എടുക്കും. ആദ്യയോഗം ഇന്ന് നടക്കും. ഏപ്രിൽ ആദ്യവാരം തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, രാഷ്ട്രീയ– സാമൂഹിക– സാംസ്കാരിക രംഗത്തെ പ്രമുഖർ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാര സംഘടനകൾ, ബഹുജന സംഘടനകൾ ഉൾപ്പെടെ എല്ലാവരെയും പങ്കെടുപ്പിച്ച് ജില്ലാ ജനറൽ ബോഡി നടക്കും. ജൂൺ 23ന് ജില്ലയിലെ 20 ലക്ഷം ജനങ്ങൾ അണിനിരക്കുന്ന ‘2 മില്യൻ പ്രതിജ്ഞ’ സംഘടിപ്പിക്കും.
∙ ജനങ്ങളിൽ വ്യായാമ ശീലം വളർത്തുന്നതിന് വാർഡ് തല പരിശീലന പദ്ധതി ആരംഭിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം രൂപ വകയിരുത്തി.
∙ സിവിൽ സ്റ്റേഷനിൽ ഡിസ്‌പെൻസറി സ്ഥാപിക്കും. ഇതിനു 50 ലക്ഷം രൂപ വകയിരുത്തി. വനിതകൾക്കായി വിശ്രമ മുറിയും സ്ഥാപിക്കും.
∙ ജില്ലാ പഞ്ചായത്തിന് 50 ലക്ഷം രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം നിർമിക്കും.
∙ കുറ്റ്യാടി തേങ്ങയെ ഭൗമ സൂചിക പദവിയിലേക്ക് ഉയർത്തുന്നതിന് പ്രത്യേക പദ്ധതി. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളിലെ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും കൂടുതൽ ഉൽപാദനവും വിൽപനയും ലക്ഷ്യമിട്ട് ഫാം ഫെസ്റ്റ് നടത്തും. സെയിൽ കൗണ്ടർ ആരംഭിക്കും. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനു സോളർ ഫെൻസിങ് വ്യാപകമാക്കുന്നതിനു 33 ലക്ഷം വകയിരുത്തി.
∙ കൈത്തറി സഹകരണ സംഘങ്ങൾക്ക് 1 കോടി രൂപ.
∙ സ്‌കൂളുകളിലെ സോളർ പാനൽ പദ്ധതി വിപുലീകരിക്കും. കൂടുതൽ സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലും സോളർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച് വരുമാനം കാണും. കെഎസ്ഇബിക്ക് നേരത്തെ നൽകിയ 2.5 കോടി രൂപ ഇതിനായി ചെലവഴിക്കും.
∙ അഗ്രി ഇൻക്യുബേഷൻ സെന്റർ ഈ വർഷം പ്രാവർത്തികമാക്കും.
∙ കൂരാച്ചുണ്ടിൽ മിനി ഐടി പാർക്ക്.
∙ തിരുവമ്പാടി തേവർമലയിൽ വ്യൂ പോയിന്റ് വാച്ച് ടവർ നിർമാണത്തിനു 10 ലക്ഷം രൂപ.
∙ ശുചിത്വ മേഖലയിൽ 3.61 കോടി രൂപ ചെലവിൽ എഫ്എസ്ടിപി.
∙ പുതുപ്പാടി ചിപ്പിലത്തോട് മരുതിലാവ് പാലത്തിന് 50 ലക്ഷം രൂപ, കാവിലുംപാറ കാരിമുണ്ട പാലത്തിന് 40 ലക്ഷം രൂപ.
∙ നേരത്തെ നിപ്പ റിപ്പോർട്ട് ചെയ്ത ജാനകിക്കാട് വനപ്രദേശത്ത് ജില്ലാ ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ സഹായത്തോടെ ശാസ്ത്രീയ പഠനം.
∙ ചുരം സൗന്ദര്യവൽക്കരണത്തിനു 30 ലക്ഷം രൂപ.
∙ തെങ്ങിലക്കടവിൽ കാൻസർ കെയർ സെന്റർ ആരംഭിക്കും. പ്രാരംഭ പ്രവർത്തനത്തിനു 10 ലക്ഷം രൂപ.
∙ കാഴ്ച പരിമിതരായ 100 പേർക്ക് ബ്രെയിൽ ലിപി പരിശീലനം.