ഇരിട്ടി: തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ ഇരിട്ടി-മട്ടന്നൂർ റോഡിൽ ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു വാഹനത്തിലെയും ഡ്രൈവർമാർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബസ് ഡ്രൈവർ മടിക്കേരി സ്വദേശി യതിൻ, ചാലോട് സ്വദേശി ബിന്ദു, നാറാത്ത് സ്വദേശി പി. അനി എന്നിവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും, ആലപ്പുഴ സ്വദേശികളായ അതുൽ, ബിന്ദു, റീത, അലൻ, നായാട്ടുപാറ സ്വദേശികളായ മനോഹരി, രാമകൃഷ്ണൻ, എടയന്നൂർ സ്വദേശി ഉസ്മാൻ, കണ്ണൂർ സ്വദേശികളായ അബ്ദുൽ റസാക്ക്, ശ്രീപ്രഭ, ദീപ, ലത എന്നിവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 7.15 ഓടെയാണ് ഉളിയിൽ പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് മടിക്കേരിയിലേക്ക് പോവുകയായിരുന്ന ക്ലാസിക് ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാഷനൽ പെർമിറ്റ് ചരക്കു ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെയും ലോറിയുടെയും മുൻവശം തകർന്നു. കാലിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ് ബസിന്റെ കാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ബസ് കുത്തിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.