പാപ്പിനിശ്ശേരി: എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പാപ്പിനിശ്ശേരിയിൽ നിന്നും പിടികൂടിയതിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. പാപ്പിനിശ്ശേരി ഇ.എം.എസ്.ജി.എച്ച്.എസ് സ്കൂളിന് സമീപത്തെ വയലിൽ കാപ്പാടൻ പ്രേമൻ (56), ജീവനക്കാരി വളപട്ടണം കീരിയാട്ടെ ചെങ്ങുനി വളപ്പിൽ രേഖ (43) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും ഇവർ അന്വേഷണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചാൽ കോടതിയിൽ ഹാജരായാൽ മതിയാകുമെന്നും അന്വേഷണ ചുമതല വഹിക്കുന്ന സി.ഐ. ടി.കെ. സുമേഷ് പറഞ്ഞു. പാപ്പിനിശ്ശേരി വെസ്റ്റിലെ പാപ്പിനിശ്ശേരി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിലെ സിനിമ ഡൗൺലോഡ് ചെയ്യാനും പെൻഡ്രൈവിലേക്ക് പകർത്താനും ഉപയോഗിച്ചിരുന്ന ലാപ് ടോപ്പ് അടക്കമുള്ള സാമഗ്രികൾ പിടിച്ചെടുക്കുകയും സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.
സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത സാധനങ്ങൾ കണ്ണൂരിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ പാപ്പിനിശ്ശേരി ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് സംഘം വ്യാജ പതിപ്പ് പിടിച്ചെടുത്തത്. സ്വകാര്യ ജനസേവന കേന്ദ്രമാണിത്.
ടോറന്റ് ആപ് ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്താണ് ആവശ്യക്കാർക്ക് പകർത്തി നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിലീസ് ദിവസം തന്നെ ഇവർക്ക് വ്യാജ പ്രിന്റ് ലഭിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒട്ടേറെ പേർക്ക് പെൻ ഡ്രൈവിൽ ചിത്രം പകർത്തി നൽകിയതായും പൊലീസ് കണ്ടെത്തി. ബുധനാഴ്ചയാണ് സാമഗ്രികൾ കസ്റ്റഡിയിലെടുത്ത് സ്ഥാപനം അടച്ചു പൂട്ടിയത്. വളപട്ടണം എസ്.എച്ച്.ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.