കാസർകോട്: പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് അയൽവാസിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി.
കിനാലൂർ കാട്ടിപ്പൊയിൽ ഉമ്മച്ചിപള്ളത്തെ ശ്രീധരൻ എന്നയാളാണ് ഞായറാഴ്ച ഉച്ചയോടെ ആത്മഹത്യ ഭീഷണി മുഴക്കിയത്. വെട്ടുക്കത്തിയുമായി
അയൽവാസിയായ ലക്ഷ്മിയുടെ വീടിന് മുകളിൽ ഏണിവെച്ച് കയറി ഭീഷണി മുഴക്കുകയായിരുന്നു. നീലേശ്വരം എസ്.ഐ കെ.വി പ്രദീപും സംഘവും സ്ഥലത്തെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രീധരൻ ഇറങ്ങാൻ തയാറായില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ആവശ്യം. നാട്ടുകർ പലയിടത്തും ചെന്നെങ്കിലും ഞായറാഴ്ചയായതിനാൽ ബീഫ് കിട്ടിയില്ല.
ഇതിനിടയിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ വീടിന് മുകളിൽ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. തുടർന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പൊലീസുകാർ ബീഫും പൊറോട്ടയും വാങ്ങി നൽകി. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.