പത്തനംതിട്ട: കോവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് ജീവപര്യന്തം. 1,08000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് നിർണായക ഉത്തരവ്. കായംകുളം സ്വദേശി നൗഫൽ ആണ് പ്രതി.
2020 സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് സെന്‍ററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാൾ ആംബുലൻസിൽ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പ്രതി ആംബുലൻസ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ തന്നെ പ്രതിക്കെതിരായ തെളിവുകൾ കണ്ടെത്തി. വരും ദിവസങ്ങളിൽ പ്രതിയുടെ ശിക്ഷ വിധിക്കും. നൗഫലിന് മാതൃകാപരമായ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം. കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ.
പത്തനംതിട്ട നഗരത്തില്‍നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. രണ്ടു യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ല ആശുപത്രിയിലിറക്കി. തുടർന്ന് 20കാരിയുമായി കോവിഡ് കെയർ സെന്ററിലേക്കുള്ള യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടൻ തന്നെ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയിരുന്നു.