തിരുവനന്തപുരം: വൈദ്യുതലൈൻ നൂലാമാല ഒഴിവാക്കി നഗരവീഥി സുന്ദരമാക്കാൻ കെഎസ്ഇബി. മൂന്നുനഗരങ്ങളിലെ തിരഞ്ഞെടുത്ത റോഡുകൾക്ക് ഇരുവശത്തെയും വൈദ്യുതലൈനുകൾ മാറ്റി ഭൂമിക്കടിയിലൂടെ കേബിളിടാൻ 176 കോടിയുടെ പദ്ധതിക്ക് കെഎസ്ഇബി അനുമതിനൽകി. കേന്ദ്രസർക്കാർ സഹായത്തോടെയുള്ള വിതരണശൃംഖലാ നവീകരണപദ്ധതിയുടെ ഭാഗമാണിത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് വൈദ്യുതി വിതരണം ഭൂഗർഭ കേബിളുകളിലേക്ക് മാറ്റുന്നത്. നടപ്പാത സുഗമമാക്കുക, നഗരാന്തരീക്ഷം മനോഹരമാക്കുക, വൈദ്യുതിവിതരണത്തിലെ ചോർച്ച കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.
സ്മാർട്ട്‌സിറ്റിപോലെയുള്ള നഗരവികസനപദ്ധതികളുടെ ഭാഗമായി ഈ നഗരങ്ങളിൽ ചിലപ്രദേശങ്ങളിൽ വിതരണശൃംഖല ഇതിനകം ഭൂമിക്കടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത്തരം പദ്ധതികളിൽപ്പെടാത്ത പ്രധാന പാതകളാണ് കെഎസ്ഇബി തിരഞ്ഞെടുത്തത്. ഇതോടൊപ്പം ആധുനിക ട്രാൻസ്ഫോർമറുകളും തെരുവുവിളക്ക് നിയന്ത്രിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനവും സ്ഥാപിക്കും.
ഭൂഗർഭ കേബിൾ വരുന്ന നഗരപ്രദേശങ്ങൾ–
തിരുവനന്തപുരം- ചെലവ് 76 കോടി: എം.ജി. റോഡിൽ അട്ടക്കുളങ്ങരമുതൽ കവടിയർവരെ. ഓവർ ബ്രിഡ്ജ്-തമ്പാനൂർ, സെക്രട്ടേറിയറ്റ് ചുറ്റി സ്റ്റാച്യൂവരെ, പാളയത്തുനിന്ന് മസ്കറ്റ് ഹോട്ടൽവഴി എൽഎംഎസ് ഹോസ്റ്റൽ, വെള്ളയമ്പലംമുതൽ ആൽത്തറക്ഷേത്രംവരെ, വെള്ളയമ്പലം-ശാസ്തമംഗലം റോഡ്.
എറണാകുളം -ചെലവ് 74 കോടി: എംജി റോഡിൽ മാധവഫാർമസി ജങ്‌ഷൻമുതൽ രാജാജി റോഡുവരെ, സെൻട്രൽ സ്ക്വയർ മാൾ -അറ്റ്‌ലാന്റിസ് ജങ്‌ഷൻ, അറ്റ്‌ലാന്റിസ് ജങ്‌ഷൻ -തേവര പാലം.
കോഴിക്കോട് -ചെലവ് 26 കോടി: മുതലക്കുളം-ജിഎച്ച് റോഡ്-എംഎം അലി റോഡ്-രാംമോഹൻ റോഡ്-പാവമണി റോഡ്.