ആറുവരി പാതയ്ക്കു മുകളിലൂടെ 45 മീറ്റർ വീതിയിൽ വേങ്ങേരി ഓവർപാസ്; ഇനി സുഖയാത്ര

news image
Apr 21, 2025, 3:41 pm GMT+0000 payyolionline.in

കോഴിക്കോട് ∙ വേങ്ങേരിയിലെ വെഹിക്കിൾ ഓവർ പാസ് പൂർണതോതിൽ 2 ദിവസത്തിനകം ഗതാഗതത്തിനു തുറക്കും. 21ന് ടാറിങ് പൂർത്തിയാക്കി 22ന് 45 മീറ്റർ വീതിയിലും ഗതാഗതത്തിനു തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര– വെങ്ങളം ആറുവരി പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന വീതി കൂടിയ ഓവർ പാസ് വേങ്ങേരിയിലാണ്. ഭാവിയിൽ വന്നുചേർന്നേക്കാവുന്ന ആവശ്യം പരിഗണിച്ചാണ് ഇവിടെ 45 മീറ്ററിൽ ഓവർ പാസ് നിർമിച്ചിരിക്കുന്നത്. ബാലുശേരി റോഡ് 15 മീറ്ററിൽ വീതി കൂട്ടാനിരിക്കുന്ന പദ്ധതിക്കും ഇതു പ്രയോജനപ്പെടും. ജപ്പാൻ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി വന്നുചേർന്ന ചില പ്രശ്നങ്ങളാൽ ഇവിടെ ഓവർ പാസ് നിർമാണം മാസങ്ങളോളം വൈകിയിരുന്നു. പൈപ്പ് മാറ്റി സ്ഥാപിച്ച ശേഷം ഓവർ പാസ് നിർമാണം പൂർത്തിയാക്കിയത് 2 മാസം മുൻപാണ്. ആദ്യം പകുതി വീതിയിലും തുടർന്ന് 45 മീറ്റർ വീതിയിലും നിർമാണം പൂർത്തിയാക്കി. സർവീസ് റോഡുകളുടെയും അഴുക്കുചാലുകളുടെയും നിർമാണവും പൂർത്തിയായി.

മലാപ്പറമ്പ് ജംക്‌ഷനിൽ ദേശീയ പാത 6 വരിയായി നവീകരിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇവിടെ വെങ്ങളം ഭാഗത്തേക്കുള്ള 3 വരിയാണ് ഇനി നിർമിക്കാനുള്ളത്. ഇതിനായി മലാപ്പറമ്പ് ജംക്‌ഷനിലെ പാറ ഇടിച്ചുനിരപ്പാക്കണം. കട്ടിയേറിയ ചെങ്കൽപാറയായതിനാൽ പ്രവൃത്തിയുടെ വേഗം കുറവാണ്. 20 ദിവസത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് അരികുഭിത്തി നിർമിച്ചശേഷം പാതയുടെ നിർമാണം പൂർത്തിയാക്കും. ഇവിടെ ജല അതോറിറ്റിയുടെ ഉപേക്ഷിച്ച പൈപ്പുകളും നീക്കം ചെയ്യാനുണ്ട്.

നിർമാണം അവസാനഘട്ടത്തിലെത്തിയ അറപ്പുഴ പാലം 10 ദിവസത്തിനകം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര– വെങ്ങളം പാതയിൽ 2 വരി ഗതാഗതം കാരണം അഴിയാക്കുരുക്ക് നിലനിൽക്കുന്ന ഏക സ്ഥലം ഇവിടെയാണ്. കോൺക്രീറ്റിങ് പൂർത്തിയായ അറപ്പുഴ പാലത്തിൽ ഭാരപരിശോധന നടക്കുകയാണ്. കോരപ്പുഴ പാലത്തിന്റെ കോൺക്രീറ്റിങ് പുരോഗമിക്കുകയാണ്. ഈ പാലത്തിലെ അവസാന ഘട്ടം കോൺക്രീറ്റിങ് 15 ദിവസത്തിനു ശേഷം നടക്കും. ഒരു മാസത്തിനകം കോരപ്പുഴ പാലവും തുറക്കാനാകും. മാമ്പുഴയ്ക്കടുത്ത ടോൾ പ്ലാസയുടെ നിർമാണം 70 ശതമാനവും പൂർത്തിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe