കോഴിക്കോട്: ലഹരിക്കടത്തിനും ഉപയോഗത്തിനുമെതിരെ പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഈ വർഷം മാത്രം കുടുങ്ങിയത് 1157 പേർ. ജനുവരി മുതൽ ഏപ്രിൽ ആദ്യവാരംവരെയുള്ള കണക്കാണിത്. ഈ കാലയളവിൽ കോഴിക്കോട് സിറ്റിയിൽ മാത്രം 1101 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ മാത്രം 62 കേസുകളിലായി 66 പേർ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവർ ഏറെയും എം.ഡി.എം.എ കേസുകളിലാണ്. 2037.44 ഗ്രാം എം.ഡി.എം.എയാണ് ഈ കാലയളവിൽ പിടികൂടിയത്. ഇതിൽ 6.58 ഗ്രാം എം.ഡി.എം.എ ഗുളികകളാണ്. ഹഷീഷ്, കഞ്ചാവ്, മെത്താംഫിറ്റമിൻ തുടങ്ങിയവും പിടികൂടിയവയിലുണ്ട്. ഈ കാലയളവിൽ 40.296 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
2025 ജനുവരിയിൽ ജില്ലയിൽ 99 ലഹരിക്കേസുകളുലായി 10.64556 കിലോ കഞ്ചാവും 546.42 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഫെബ്രുവരിയിൽ 445 കേസുകളിലായി 35.883 കിലോ കഞ്ചാവും 1233.289 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. മാർച്ചിൽ 495 കേസുകളിലായി 2.563 കഞ്ചാവും 237.858 ഗ്രാം എം.ഡി.എം.എയും പിടികൂടി. മയക്കുമരുന്ന് കച്ചവടത്തിലെ പ്രതികളെ പിടികൂടുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുമായി സഹകരിച്ചാണ് ജില്ലയിലെ പൊലീസ് പ്രവർത്തിക്കുന്നത്.
ഇതിനുപുറമെ സംസ്ഥാനത്തെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊലീസ് ശക്തമായ പരിശോധന നടത്തിയതിനാലാണ് ഇത്രയധികം കേസുകൾ പിടികൂടാൻ സാധിച്ചത്. ജില്ലയിൽ ലഹരിക്കടത്തുകാരുടെയും ഹോട്ട് സ്പോട്ടുകളുടെയും സമഗ്രമായ പട്ടിക തയാറാക്കി ഇവിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുകയും ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. താമരശ്ശേരി ചുരം ഭാഗങ്ങളിലും ജില്ലയുടെ അതിർത്തികളിലും വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. പൊതുഗതാഗതം, ടൂറിസ്റ്റ് ബസുകൾ, ആഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സംശയാസ്പദമായ വാഹനങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യുന്നതിന് പുറമെ മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനവും ലഹരി വിൽപനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തു വകകളും കണ്ടുകെട്ടുന്നതും ലഹരിക്കച്ചവടക്കാർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
നരിക്കുനിയിൽ വൻ ലഹരിശേഖരം പിടികൂടി
കൊടുവള്ളി: നരിക്കുനിയിൽ വൻ ലഹരിശേഖരം കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. 11,000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. മടവൂർമുക്ക് കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹ്സിന്റെ (33) വീട്ടിൽ കൊടുവള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് 9,750 പാക്കറ്റ് ഹാൻസ്, 1250 പാക്കറ്റ് കൂൾലിപ് എന്നിവ കണ്ടെടുത്തത്. പിടികൂടിയ ഉൽപന്നങ്ങൾക്ക് ആറു ലക്ഷത്തിലധികം രൂപ വിലവരും.
ശനിയാഴ്ച രാത്രി 11ഓടെയാണ് വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. മുഹമ്മദ് മുഹ്സിന്റെ നരിക്കുനിയിലുള്ള ചെരിപ്പുകടയിൽ ശനിയാഴ്ച ഉച്ചക്ക് പൊലീസ് നടത്തിയ പരിശോധനയിൽ 890 പാക്കറ്റ് ഹാൻസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിൽ പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്.
നരിക്കുനിയിലെ ചെരിപ്പു കടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കൾ വിൽപന നടത്തിയിരുന്നത്. മൂന്ന് മാസം മുമ്പാണ് നരിക്കുനിയിൽ ചിക്കാഗോ ഫുട്ട്വെയർ ആൻഡ് ബാഗ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. കർണാടകയിൽനിന്ന് ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് ജില്ലയിലെ മൊത്ത, ചില്ലറ വിൽപനക്കാർക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുമ്പും ആരാമ്പ്രത്തുള്ള ഇയാളുടെ സൂപ്പർമാർക്കറ്റിൽനിന്ന് ഹാൻസ് പിടികൂടിയിരുന്നു. എ.എസ്.ഐമാരായ ബിജേഷ്, സുനിത, സീനിയർ സി.പി.ഒമാരായ അനൂപ് തറോൽ, രതീഷ്, വിപിൻദാസ്, സി.പി.ഒമാരായ ശ്രീനിഷ്, അനൂപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പൊതുജനങ്ങളാണ് ഹീറോ – അരുൺ കെ. പവിത്രൻ
പൊതുജനങ്ങളുടെ സഹകരണംമൂലമാണ് പൊലീസിന് കൂടുതൽ കേസുകൾ പിടികൂടാൻ കഴിയുന്നതെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമീഷണർ അരുൺ കെ. പവിത്രൻ പറഞ്ഞു. മുമ്പ് പൊലീസിന് വിവരങ്ങൾ നൽകുന്നവരെ ലഹരി മാഫിയ ആക്രമിക്കുന്നത് പതിവായിരുന്നു. എന്നാൽ, യോദ്ധാവ് എന്ന നമ്പറിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഒരു കാരണവശാലും മറ്റാരും അറിയാൻ ഇടയാകില്ല എന്നത് പൊതുജനങ്ങൾക്ക് ആത്മവിശ്വാസമേകി. അതത് റെസിഡന്റ്സ് അസോസിയേഷനുകൾക്കും നാട്ടുകാർക്കും ലഹരിയെന്ന വിപത്തിനെ തടയുന്നതിൽ നിർണായക പങ്കാണുള്ളത്. ഒഴിഞ്ഞ പറമ്പുകളും മറ്റും ഉപയോഗയോഗ്യമാക്കുന്നതും മറ്റും ലഹരി ഉപയോഗത്തെ തടയുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്.
പരാതികൾ അറിയിക്കാം
പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പരാതികൾ 9995966666 എന്ന നമ്പറിൽ പൊലീസിനെ വിളിച്ച് അറിയിക്കാം.