പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, നേവി ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനും മരിച്ചു

news image
Apr 22, 2025, 4:59 pm GMT+0000 payyolionline.in

ദില്ലി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശിയും. 68 വയസ്സുള്ള രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജനും, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളും ഭീകരാക്രമണത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.

കൊച്ചിയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നർവാൾ. വിനയുടെ കല്യാണം ഏപ്രിൽ 16നാണ് കഴിഞ്ഞതെന്നാണ് വിവരം. വിനയ് നർവാളിനൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഭാര്യക്കും മക്കൾക്കും മുന്നിൽ വെച്ചാണ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ മനീഷിന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ലീവ് ട്രാവൽ കൺസഷനോടെ കശ്മീരിൽ യാത്ര വന്നതായിരുന്നു ബിഹാർ സ്വദേശിയായ മനീഷ്. ഐബിയുടെ ഹൈദരാബാദിലെ മിനിസ്റ്റീരിയൽ ഓഫിസിൽ ആണ് കഴിഞ്ഞ രണ്ട് വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചർച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദർശിക്കും. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe